കോഴിക്കോട്: അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാനുള്ള കോൺഗ്രസ് തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സമസ്‌ത മുഖപത്രം ‘സുപ്രഭാതം’. ‘പള്ളി പൊളിച്ചിടത്ത് കാലുവെക്കുമോ കോൺഗ്രസ്!’ എന്ന തലക്കെട്ടോടെ സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമർശനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, ഉത്തരേന്ത്യയിലെ ഹിന്ദുവോട്ടുകൾ ചോർന്നു പോകാതിരിക്കാനാണ് ക്ഷേത്രോദ്ഘാടനത്തിൽ പങ്കെടുക്കാമെന്ന കോൺഗ്രസ് നിലപാടിന് പിന്നിലെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. ഈ മൃദുഹിന്ദുത്വ നിലപാടുതന്നെയാണ് 36 വർഷം ഇന്ത്യഭരിച്ച പാർട്ടിയെ ഇന്നത്തെ നിലയിലെത്തിച്ചതെന്ന കാര്യം കോൺഗ്രസ് നേതൃത്വത്തിന് ഓർമയില്ലെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് നല്ല ബോധ്യമുണ്ടെന്നും സുപ്രഭാതം എഡിറ്റോറിയലിൽ പറയുന്നു. ക്ഷണം സ്വീകരിക്കില്ലെന്ന് ഉടനടി പറഞ്ഞ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആർജവം സോണിയാ ഗാന്ധി കണ്ടുപഠിക്കണമെന്ന് സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് ജനുവരിയിൽ നടക്കുന്നതെന്ന തിരിച്ചറിവ് യെച്ചൂരിയെപ്പോലുള്ളവർക്ക് ഉണ്ടായെന്ന് മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. ഈ ആർജവമാണ് സോണിയ ഗാന്ധിയിൽ നിന്ന് രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന സമയത്തെങ്കിലും കോൺഗ്രസ് പുനർചിന്തനം നടത്തണമെന്നും അല്ലെങ്കിൽ അടുത്ത ടേമിലും രാജ്യം ബിജെപി തന്നെ ഭരിക്കുമെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടി.