തിരുവനന്തപുരം: ഇടതുപക്ഷ മുന്നണി നേരത്തെ തീരുമാനിച്ച പ്രകാരം തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഡിസംബർ 29ന് വൈകുന്നേരം കെ ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ഇ പി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയിലേക്ക് എല്ലാ കക്ഷികളെയും പരിഗണിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കക്ഷികൾക്ക് രണ്ടര വർഷവും അടുത്ത രണ്ടര വർഷം മറ്റ് രണ്ട് കക്ഷികൾക്കും എന്ന തീരുമാനമെടുത്തത്.
മന്ത്രിയാക്കിയത് എൽഡിഎഫ് ആണെന്നും എൽഡിഎഫ് തീരുമാനം അനുസരിക്കുമെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി. പടിയിറക്കം സന്തോഷത്തോടെയാണെന്നും രണ്ടര വർഷം കൊണ്ട് പരമാവധി കാര്യങ്ങൾ ചെയ്തെന്നും സംതൃപ്തി ഉണ്ടെന്നും ദേവർകോവിൽ പറഞ്ഞു. കുടിശ്ശികയില്ലാതെ മുഴുവൻ കെഎസ്ആർടിസി ജീവനക്കാർക്കും ശമ്പളം തീർത്ത് നൽകിയതിന് ശേഷമാണ് രാജിയെന്ന് ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജു പറഞ്ഞു. സജീവനായി മണ്ഡലത്തിൽ പ്രവർത്തിക്കുമെന്നും ആന്റണി രാജു പ്രതികരിച്ചു.