തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോകോൾ ലംഘനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ചത്. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ തയ്യാറാകുന്നില്ല. വർഷങ്ങളോളം ബില്ലുകൾ പിടിച്ചുവയ്ക്കുന്നതും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിക്കാതെ കോഴിക്കോട് മിഠായിത്തെരുവിൽ പോവുകയും തെരുവിലൂടെ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഇത് വലിയ സുരക്ഷാ പ്രശ്നങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഗവർണറുടെ സുരക്ഷ സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമായിരിക്കെ ഗവർണർ പ്രോട്ടോകോൾ ലംഘിച്ച് തെരുവിലിറങ്ങിയത് ക്രമസമാധാനനില തകർക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിക്കും കത്ത് അയച്ചിട്ടുണ്ട്.