യൂത്ത് കോൺഗ്രസ് നേതാവ് അരവിന്ദ് വെട്ടിക്കൽ വിദ്യാർത്ഥികളെയും പറ്റിച്ചതായി പരാതി. ബിഎസ് സി നഴ്സിങ് അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ വിദ്യാർത്ഥികളെ പറ്റിച്ചത്. ഇവരിൽ നിന്ന് ഒറിജിനൽ സർട്ടിഫിക്കറ്റുകളും ഇയാൾ കൈക്കലാക്കിയിട്ടുണ്ട്. ഇരകളായ വിദ്യാർത്ഥികൾ കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തി സർട്ടിഫിക്കറ്റുകൾ തിരികെ വേണമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം അരവിന്ദ് വെട്ടിക്കൽ നടത്തിയ കൂടുതൽ തട്ടിപ്പുകൾ പുറത്തു വന്നു. ആരോഗ്യവകുപ്പിൻ്റെ പേരിലെ നിയമന തട്ടിപ്പിന് പുറമെ ബെവ്കോയുടെ പേരിലും നിയമന തട്ടിപ്പ് നടത്തിയതായാണ് പുറത്തുവന്നിരിക്കുന്നത്. അരവിന്ദ് പോലീസ് കസ്റ്റഡിയിലായതറിഞ്ഞ് നിരവധിപേരാണ് പരാതിയുമായി എത്തുന്നത്. ആരോഗ്യവകുപ്പിൻ്റെ പേരിൽ നിയമനം നൽകാമെന്നേറ്റ് പലരിൽ നിന്നുമായി 50000 മുതൽ 1,60, 000 രൂപ വരെ വാങ്ങിയിട്ടുണ്ട്. തട്ടിപ്പിൽ മറ്റൊരു യൂത്ത് കോൺഗ്രസ് നേതാവിന് കൂടി പങ്കുണ്ടെന്ന് കരുതുന്നു.