ന്യൂഡൽഹി: കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങൾക്ക് ആക്കംകൂട്ടി കേന്ദ്രസർക്കാർ. സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധി ഒരു ശതമാനംകൂടി വർധിപ്പിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളി. ധന ഉത്തരവാദിത്വ നിയമം (എഫ്‌ആർബിഎം ആക്ട്) മറികടന്ന് കേന്ദ്രസർക്കാർ കടമെടുപ്പ് തുടരുകയാണ്. അതേസമയം നിയമം സംസ്ഥാനത്തിന് ഉറപ്പാക്കുന്ന അവകാശം കവർന്നെടുക്കുകയും ചെയ്യുന്നു. മൂന്നുശതമാനം കടമെടുക്കാനുള്ള കേരളത്തിൻ്റെ അവകാശം 2.5 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇത് പുനഃപരിശോധിച്ച് ഒരുശതമാനംകൂടി വർധിപ്പിക്കണമെന്ന കേരളത്തിൻ്റെ ആവശ്യമാണ് ധനമന്ത്രി നിർമല സീതാരാമൻ തള്ളിയത്. നടപ്പ് സാമ്പത്തികവർഷത്തിൽ ക്ഷേമപെൻഷൻ ഉൾപ്പെടെ നൽകുന്നതിന് 30,000 കോടിയോളം രൂപയാണ് കേരളത്തിന് കണ്ടെത്തേണ്ടത്.
കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും ബജറ്റിനുപുറത്തുനിന്ന് സമാഹരിക്കുന്ന തുകയും കേരളത്തിൻ്റെ പൊതുകടമാക്കിയാണ് വായ്പാ പരിധി വെട്ടിക്കുറച്ചത്. ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിവിലയുടെ 25 ശതമാനം കേരളം വഹിക്കണമെന്ന് കേന്ദ്രം വാശിപിടിച്ചിരുന്നു. കിഫ്‌ബി സമാഹരിച്ചുനൽകിയ 5580 കോടി രൂപയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി കടുംവെട്ട് നടത്തുകയാണ്.
കേന്ദ്രവിഹിതം നൽകുന്നതിലും കേരളത്തോട് വിവേചനം തുടരുകയാണ്. ഈ വർഷംമാത്രം സംസ്ഥാനത്തിൻ്റെ കടമെടുപ്പ് പരിധിയിൽ 19,618 കോടി രൂപ വെട്ടിക്കുറച്ചു. നെല്ലുസംഭരണം, നഗരവികസന ഗ്രാന്റ്, ഗ്രാമവികസന ഗ്രാന്റ് തുടങ്ങിയവയ്‌ക്കുൾപ്പെടെ നൽകേണ്ട 5632 കോടി രൂപയും അനുവദിക്കുന്നില്ല. ഇന്ത്യയുടെ ഫെഡറൽ -ധനവ്യവസ്ഥയിൽ കേന്ദ്രസർക്കാർ വരുത്തിയിരിക്കുന്ന മാറ്റങ്ങൾ കേരളത്തെ വലിയതോതിൽ ബുദ്ധിമുട്ടിക്കുന്നുണ്ട്. പതിനഞ്ചാം ധന കമീഷൻ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ആകെ പൊതുചെലവിൻ്റെ 37.06 ശതമാനം മാത്രമാണ് കേന്ദ്രം വഹിക്കുന്നത്. 62.04 ശതമാനം സംസ്ഥാനങ്ങളുടെ ഉത്തരവാദിത്വമാണ്. പക്ഷേ, വരുമാനത്തിന്റെ 62.2 ശതമാനവും കേന്ദ്രസർക്കാർ കൈയാളുകയാണ്. നൽകുന്നതാകട്ടെ 37.08 ശതമാനവും.