തിരുവനന്തപുരം: രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ്സാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എന്നാൽ, അദ്ദേഹം മത്സരിക്കേണ്ടത് ഇന്ത്യ കൂട്ടായ്മയുടെ ഭാഗമായ രാഷ്ട്രീയ സംവിധാനത്തോടല്ലയെന്നും മറിച്ച് ബിജെപിയോടാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി എൽഡിഎഫിനെതിരെ മത്സരിക്കുമ്പോൾ നൽകുന്ന സന്ദേശമെന്താണ്. ഇന്ത്യ കൂട്ടായ്മയുടെ ഏറ്റവും പ്രധാന കേന്ദ്രമാണ് കേരളം. ഇങ്ങനെയുള്ള സംസ്ഥാനത്താണോ രാഹുൽ ഗാന്ധി മത്സരിക്കേണ്ടത്. സാമാന്യ മര്യാദയുള്ള ഏത് രാഷ്ട്രീയക്കാരനുമറിയാം രാഹുൽ എവിടെയാണ് മത്സരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിൻ്റെ പ്രധാന ശത്രു ബിജെപിയാണോ ഇടതുപക്ഷമാണോയെന്ന് കോൺഗ്രസ് തീരുമാനിക്കണമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. യുഡിഎഫിന് മൃദുഹിന്ദുത്വ നിലപാടാണുള്ളത്. അവരുടെ പ്രധാന ശത്രു സിപിഐ എമ്മാണ്. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇടതുപക്ഷം നടത്തുന്നത്. മതനിരപേക്ഷതയും ജനാധിപത്യ മൂല്യവും കാത്തുസൂക്ഷിക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കുകയാണ് വേണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.