ന്യൂഡൽഹി: കേരളത്തോടുള്ള കേന്ദ്ര അവഗണന ലോക്സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ടി എൻ പ്രതാപൻ എംപി. കേന്ദ്ര അവഗണന സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുന്നു. സംസ്ഥാനത്തിന് അർഹമായ വിഹിതങ്ങളോ, പുതിയ പദ്ധതികളോ, സാമ്പത്തിക സഹായങ്ങളോ കേന്ദ്രം കൃത്യമായി വിതരണം ചെയ്യുന്നില്ലെന്നും ടി എൻ പ്രതാപൻ നോട്ടീസിൽ പറഞ്ഞു.
ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രത്യേകിച്ച് ബിജെപിക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങളോട് കടുത്ത അവഗണനയാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ കക്ഷി രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ രാജ്യത്തെ സംസ്ഥാനങ്ങളോട് അനീതി കാണിക്കുകയാണെന്നും രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനം തകർന്നിരിക്കുകയാണെന്നും നോട്ടീസിൽ പറയുന്നു. ബി.ജെ.പിക്ക് കേരളത്തിൽ അവസരമുണ്ടാകുന്നില്ലെന്ന് കരുതി ശത്രുതാ മനോഭാവം കേരളത്തിലെ ജനങ്ങളോട് വെച്ചുപുലർത്തുന്നത് സങ്കടകരമാണെന്നും നോട്ടീസിൽ പറയുന്നു.