കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു. സുൽത്താൻ ബത്തേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വിവി ബെന്നി കുറ്റപത്രം നൽകിയത്. 84,600 പേജ് ഉള്ളതാണ് കുറ്റപത്രം. അഗസ്റ്റിൻ സഹോദരന്മാർ അടക്കം 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
മുട്ടിൽ സൗത്ത് വില്ലേജിലെ പട്ടയഭൂമിയിൽനിന്ന് 104 സംരക്ഷിത മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് കേസ്. അന്വേഷണം തുടങ്ങി രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം നൽകുന്നത്. 85 മുതൽ 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് അഗസ്റ്റിൻ സഹോദരങ്ങൾ മുറിച്ചുകടത്തിയതെന്ന് മരങ്ങളുടെ ഡിഎൻഎ പരിശോധനാ ഫലത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സർക്കാർ അനുമതിയുണ്ടെന്ന് കാട്ടി കർഷകരെ വഞ്ചിച്ചു, വ്യാജരേഖയുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളും പ്രതികൾക്കെതിരെയുണ്ട്.
അഗസ്റ്റിൻ സഹോദരന്മാരുടെ ഡ്രൈവർ വിനീഷ്, മരംമുറിക്ക് ഇടനിലക്കാരായിരുന്നവരും മരം വാങ്ങിയവരുമായ വിനീഷ്, ചാക്കോ, സുരേഷ്, അബൂബക്കർ, നാസർ, രവി, മനോജ് എന്നിവരും പ്രതിപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഡലോചന അടക്കം കുറ്റങ്ങൾ ആണ് ചുമത്തിയിട്ടുള്ളത്. കുറ്റപത്രത്തിൽ 420 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുണ്ട്.