പാലക്കാട്: രണ്ടര വയസ് പ്രായമുള്ള കുഞ്ഞിൻ്റെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെലവ് താങ്ങാൻ തനിക്കാവില്ലെന്ന പിതാവിൻ്റെ നിവേദനത്തിൽ നവകേരള സദസിൽ ഉടൻ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോർജ്. കപ്പലണ്ടി കച്ചവടക്കാരനായ പിതാവിൻ്റെ നിവേദനത്തിലാണ് നവകേരള സദസിൻ്റെ ചെർപ്പുളശ്ശേരിയിലെ യോഗത്തിൽ തീരുമാനമായത്.
തലസീമിയ മേജർ രോഗമാണ് രണ്ടര വയസുകാരൻ മകന്. എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്യണം. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.’ അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. ഇതായിരുന്നു നിവേദനത്തിൽ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ കുഞ്ഞിൻ്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താൻ അവരെ അറിയിച്ചെന്ന് മന്ത്രി വീണാ ജോർജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
വീണാ ജോർജിൻ്റെ കുറിപ്പ്:
നവ കേരള സദസ്സിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തിൽ എത്തിയപ്പോൾ എംഎൽഎ മമ്മിക്കുട്ടി ആണ് രണ്ടര വയസുള്ള ഒരു കുഞ്ഞും അച്ഛനും കാത്ത് നിൽക്കുന്നതായി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസും ഈ വിഷയം ശ്രദ്ധയിൽപ്പെടുത്തി. കുഞ്ഞിന്റെ അച്ഛന് കപ്പലണ്ടി കച്ചവടമാണ്. തലസീമിയ മേജർ എന്ന രോഗത്താൽ ദുരിതമായിരിക്കുന്ന മകന് എല്ലാ മൂന്നാഴ്ചയിലും രക്തം ഫിൽട്ടർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോൾ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം. അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. കപ്പലണ്ടി കച്ചവടം നടത്തി ഉപജീവനം കഴിയുന്ന നിർധനനായ തനിക്ക് ഇതിന് കഴിയില്ല എന്നാണ് പറഞ്ഞത്. എംസിസി വഴി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താം എന്ന് ഞാൻ അറിയിച്ചു.
സർക്കാർ മേഖലയിൽ മലബാർ കാൻസർ സെന്ററിൽ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നമ്മൾ ആരംഭിച്ചിട്ടുണ്ട്. ഇതുവരെ നൂറോളം മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി നടന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷിനോട് ഇക്കാര്യം സംസാരിച്ച് ചികിത്സ ക്രമീകരിക്കാം എന്ന് അറിയിച്ചു.