തൃശൂർ ചാവക്കാട്ട് വിനോദ സഞ്ചാരത്തിൻ്റെ ഭാഗമായി നിർമ്മിച്ച ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നെന്ന് മനോരമ-മാതൃഭൂമി – ഏഷ്യാനെറ്റാദി പത്രങ്ങളുടെയും ചാനലുകളുടെതും പെരുംനുണ. രണ്ടു മാസം തികയും മുമ്പേ ശക്തമായ തിരയിൽ ബ്രിഡ്ജ് തകർന്നെന്നും 80 ലക്ഷം വെള്ളത്തിലായെന്നുമാണ് മാധ്യമങ്ങൾ അലമുറയിട്ടത്. വേലിയേറ്റവും ശക്തമായ കടൽ ക്ഷോഭവും മറ്റും ഉണ്ടാകുമ്പോൾ അഴിച്ചു മാറ്റുന്ന വിധത്തിലാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജുകളുടെ രൂപകൽപന. വേലിയേറ്റത്തിനും ശക്തമായ തിരമാലകൾക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് ചാവക്കാട്ടെ ബ്രിഡ്ജിൻ്റെ ഒരു ഭാഗം അഴിച്ചു മാറ്റിയിരുന്നു. ഈ സന്ദർഭത്തിൽ ജീവനക്കാർ മാത്രമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്. എന്നാൽ ബ്രിഡ്ജ് തകർന്നു, സഞ്ചാരികൾ തലനാരിഴക്ക് രക്ഷപ്പെട്ടു എന്നൊക്കെയാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്.
കടലിൽ ഒഴുകി നടക്കുന്നതിനൊപ്പം കടൽ ക്ഷോഭ സമയത്ത് പെട്ടെന്ന് അഴിച്ചു മാറ്റാനും ഉതകുന്ന വിധത്തിൽ ഭാരം കുറഞ്ഞ പല ഘടകങ്ങൾ കൂട്ടിയോജിപ്പിച്ചാണ് ഇത്തരം ബ്രിഡ്ജ് നിർമിക്കുന്നത്. തൃശൂർ ചാവക്കാട് വേലിയേറ്റ മുന്നറിയിപ്പ് ഉണ്ടായപ്പോൾ തന്നെ ബ്രിഡ്ജിലേക്കുള്ള പ്രവേശനം തടയുകയും അഴിച്ചു മാറ്റാൻ നടപടി തുടങ്ങുകയും ചെയ്തിരുന്നു. അതു കണ്ട ചിലർ പാലം തകർന്നതായി പ്രചരിപ്പിച്ചു. മാധ്യമങ്ങൾ അത് ഏറ്റുപിടിച്ചു. ബ്രിഡ്ജ് സുരക്ഷിതമായി അഴിച്ചു മാറ്റുന്ന ദൃശ്യങ്ങൾ തകർച്ചയാക്കി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു.