തിരുവനന്തപുരം: നവകേരള സദസിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ ആഹ്വാനം കേട്ട് സമരത്തിനിറങ്ങി ജയിലിലായ കെ എസ് യു സംസ്ഥാന നേതാക്കൾ ജാമ്യത്തിലിറക്കാൻ ആളില്ലാതെ കുഴഞ്ഞു. ജയിലിൽ കഴിയുന്ന ഇവർക്ക് ജാമ്യം കിട്ടിയെങ്കിലും ജാമ്യക്കാരെ നൽകാതെ വിഡി സതീശനും സംഘവും വഞ്ചിച്ചതായാണ് പരാതി. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണൻ , സംസ്ഥാന ജനറൽ സെക്രട്ടറി ആ ദേശ് സുദർമ്മൻ , സംസ്ഥാന നേതാക്കളായ ഫർഹാൻ മുണ്ടേരി , അനീഷ് എന്നിവർക്കാണ് ജാമ്യം കിട്ടിയിട്ടും പൂജപ്പുര ജയിലിൽ കഴിയേണ്ടി വന്നത്. സ്കൂൾ ബസ് വിട്ടു നൽകുന്നതിന് എതിരെ തലസ്ഥാനത്ത് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ കാര്യാലയം ഉപരോധിച്ചതിനെ തുടർന്നാണ് ഇവർ പിടിയിലാകുന്നത്.
അറസ്റ്റിലായ നേതാക്കളിൽ യദു കൃഷ്ണൻ ചെന്നിത്തല ഗ്രൂപ്പും , ആദേഷ് എ ഗ്രൂപ്പ് നോമിനിയും ബാക്കി 2 പേർ സുധാകരൻ ഗ്രൂപ്പുമാണ്. വി ഡി സതീശൻ ഗ്രൂപ്പിലുള്ള ഒരാളും ജയിലിൽ ഇല്ലാത്തതിനെ തുടർന്നാണ് സതീശൻ്റെ സ്വന്തം ആളായ പാലോട് രവി അകത്തായവർക്ക് ജാമ്യക്കാരെ പോലും ഏർപ്പാട് ചെയ്യാത്തതെന്നാണ് പരാതി.