യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ കള്ളവോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമീഷൻ്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചതിനെ കുറിച്ച് തൃശൂർ പോലീസ് കമീഷണർ അന്വേഷണം നടത്തും. വ്യാപകമായി വ്യാജ ഐഡി കാർഡുണ്ടാക്കിയതു സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ദേശീയാന്വേഷണ ഏജൻസിക്കും പരാതികൾ ലഭിച്ചിട്ടുണ്ട്. പോലീസ് മേധാവിക്ക് ലഭിച്ച പരാതികൾ അന്വേഷണത്തിനായി തൃശൂർ പോലീസ് കമീഷണർക്ക് കൈമാറി.
മൊബൈൽ ആപ്പിൻ്റെ സഹായത്തോടെ നിർമിച്ച വ്യാജ തിരിച്ചറിയൽ കാർഡുകളുപയോഗിച്ച് വൻ തോതിൽ കള്ളവോട്ട് ചെയ്തതായി പരാതിയുയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതി പുറത്തുവന്നതോടെയാണ് കള്ളവോട്ടും വ്യാജ തിരിച്ചറിയൽ കാർഡുമടക്കമുള്ള വിവരങ്ങൾ വെളിച്ചം കണ്ടത്. കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഒന്നേകാൽ ലക്ഷത്തോളം കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും അർഹരായ പലരുടെയും വോട്ടുകൾ അസാധുവാക്കിയെന്നും മത്സരിച്ചവർ നൽകിയ പരാതിയിൽ പറയുന്നു.
1.86 ലക്ഷം വോട്ടുകളാണ് അസാധുവാക്കി നിർത്തിയത്. കള്ളവോട്ടിൻ്റെ പിഎൻആർ നമ്പർ തെരഞ്ഞെടുപ്പ് നടത്തിയ ഏജൻസിക്ക് നൽകി ഈ വോട്ടുകൾ നിലനിർത്തുകയായിരുന്നുവെന്നും പരാതി ഉയർന്നു. സ്ഥാനാർഥികൾ നേതൃത്വത്തിന് നൽകിയ പരാതിയിൽ ഇതുവരെ പ്രതികരണം ഉണ്ടായിട്ടില്ല.