കേരളത്തിലെ ഭരണനിർവഹണ പ്രക്രിയയുടെ ചരിത്രത്തിൽ പുതിയ അധ്യായം തീർക്കുന്ന നവകേരള സദസ് ശനിയാഴ്ച ആരംഭിക്കും. ജനങ്ങളുമായി സംവദിക്കാനും അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും നേരിട്ടറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരും 140 നിയമസഭാ മണ്ഡലങ്ങളിലേക്കും നേരിട്ടെത്തുകയാണ്. നവകേരളം കെട്ടിപ്പടുക്കാനുള്ള എൽ ഡി എഫ് ഗവൺമെന്റിൻ്റെ മുന്നേറ്റത്തിന് കരുത്തു പകരുന്ന മഹാജനസംഗമങ്ങൾക്ക് ഡിസംബർ 23 വരെ കേരളം സാക്ഷ്യം വഹിക്കും. ശനിയാഴ്ച വൈകീട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളിഗെയിലാണ് ആദ്യ സദസ്സ്. എല്ലാ മണ്ഡലങ്ങളിലൂടെയും സഞ്ചരിച്ച് ഡിസംബർ 23ന് വൈകിട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിൽ സമാപിക്കും.
കേരളീയം പരിപാടി ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് നാണം കെട്ട യുഡിഎഫ് നവകേരള സദസും ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 41 മണ്ഡലങ്ങളിലാണ് യു ഡി എഫ് എംഎൽഎമാരുള്ളത്. ഇവർ വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ എംപി, ജില്ല -ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാർ, മുനിസിപ്പൽ ചെയർമാന്മാർ തുടങ്ങിയവർ ചുമതല നിർവഹിക്കും. 41 മണ്ഡലങ്ങളിലും സംഘാടക സമിതികൾ പ്രവർത്തനമാരംഭിച്ചു.
മണ്ഡലം സദസ്സിൽ ദിവസവും കാലത്ത് പ്രത്യേകം ക്ഷണിക്കപ്പെട്ടവരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും. ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്നതിന് ഓരോ മണ്ഡലത്തിലും വിപുലമായ സംവിധാനങ്ങൾ ഒരുക്കും. സ്ത്രീകൾക്കും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കൗണ്ടറുകൾ സജ്ജീകരിക്കും.
സദസ്സ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂർ മുമ്പ് പരാതി സ്വീകരിച്ചു തുടങ്ങും. ഒരു മാസത്തിനുള്ളിൽ പരാതികൾ തീർപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. സംസ്ഥാനതലത്തിൽ തീരുമാനമെടുക്കേണ്ട പരാതികളിൽ ഒന്നരമാസത്തിനുള്ളിൽ തീർപ്പുണ്ടാക്കും.
തിരുവനന്തപുരത്ത് ബുധനാഴ്ചകളിൽ ചേരുന്ന മന്ത്രിസഭായോഗം നവകേരള സദസ്സ് ദിവസങ്ങളിൽ അഞ്ചു ജില്ലയിലായി ചേരും.
പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാൻ നവകേരള സദസ്സുകളിൽ പ്രധാന വേദിയിൽനിന്ന് മാറി സൗകര്യമൊരുക്കും. അവസാന പരാതിയും സ്വീകരിച്ചേ കൗണ്ടറുകൾ അടയ്ക്കൂ. നിർദേശങ്ങൾക്കും തിരക്ക് നിയന്ത്രിക്കുന്നതിനും ജീവനക്കാരുണ്ടാകും. പരാതിയിൽ പൂർണമായ വിലാസം, മൊബൈൽ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇ മെയിൽ ഉള്ളവർ വിലാസം ചേർക്കണം. പരാതിക്ക് രസീത് നൽകും.വിവരങ്ങൾ കൗണ്ടറുകൾക്കു മുന്നിൽ പ്രദർശിപ്പിക്കും.
ജില്ലാ ഓഫീസർമാർക്ക് കൈമാറുന്ന പരാതികളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയെടുക്കും. പരിഹരിക്കാൻ കഴിയാത്തവയാണെങ്കിൽ കൃത്യമായ വിവരങ്ങൾ കാണിച്ച് പരാതിക്കാരന് ഇടക്കാല റിപ്പോർട്ട് നൽകും. സംസ്ഥാനതലത്തിൽ തീരുമാനിക്കേണ്ടതാണെങ്കിൽ പരമാവധി 45 ദിവസംവരെ എടുക്കാം. അക്കാര്യം ഒരാഴ്ചയ്ക്കകം പരാതിക്കാരെ അറിയിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ 25 സീറ്റുകളുള്ള കെഎസ്ആർടിസി ബസ് സജ്ജീകരിച്ചിട്ടുണ്ട്. ചെലവ് ചുരുക്കുന്നതിനും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായാണ് പ്രത്യേക ബസ് ഉപയോഗിക്കുന്നത്. നവകേരള സദസിനു ശേഷം ഈ ബസ് ബജറ്റ് ടൂറിസത്തിനായി നൽകും.