സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ പെൻഷനുകളിലെ നാമമാത്രമായ കേന്ദ്രവിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതോടെ 8,46,456 പേർക്ക് പെൻഷൻ തുക കുറഞ്ഞു. കേരളത്തിൽ 50,90,390 പേർക്കാണ് നിലവിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നത്. ഇതിൽ വിധവകൾക്ക് കേന്ദ്ര വിഹിതമായി 300 രൂപയും വയോജനങ്ങൾക്ക് 200 രൂപയുമാണ് അനുവദിക്കുന്നത്. ഈ തുക ഉൾപ്പെടെ എല്ലാവർക്കും 1600 രൂപ വീതം സംസ്ഥാനം നൽകി വരികയായിരുന്നു. ഈയിനത്തിലുള്ള കേന്ദ്രവിഹിതം സംസ്ഥാന സർക്കാരിനാണ് കൈമാറിയിരുന്നത്. ആകെ പെൻഷൻ വാങ്ങുന്നവരിൽ 16.62 ശതമാനത്തിനു മാത്രമാണ് തുഛമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. കേന്ദ്രവിഹിതം വർഷങ്ങളോളം നിഷേധിച്ചപ്പോഴും കേരളം ഈ തുക ഗുണഭോക്താക്കൾക്ക് നൽകി. നിരന്തര സമ്മർദം ചെലുത്തിയാണ് കേന്ദ്രത്തിൽ നിന്ന് പലപ്പോഴും കുടിശ്ശിക തുക വാങ്ങിയത്. എന്നാൽ, പ്രത്യേക അക്കൗണ്ട് വഴി ഈ വിഹിതം നേരിട്ട് ഗുണഭോക്താക്കൾക്ക് എത്തിക്കുമെന്ന കേന്ദ്ര സർക്കാരിൻ്റെ പിടിവാശിയെ തുടർന്ന് ഏപ്രിൽ മുതൽ വിഹിതം കിട്ടാതായി. ഇതുവരെ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ കേന്ദ്രത്തിൻ്റെ തുഛമായ വിഹിതം എത്തിയിട്ടില്ല. ഇതുമൂലം സാമൂഹ്യസുരക്ഷാ പെൻഷൻ തുക കുറയുന്നതായി വ്യാപക പരാതി ഉയർന്നു.
നേരിട്ടു നൽകുമെന്ന് പ്രഖ്യാപിച്ച നിസ്സാരമായ തുക കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആവശ്വപ്പെട്ടു.