വിപ്ലവ വീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞു നിന്ന സഖാവാണ് എൻ ശങ്കരയ്യയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
അതുല്യനായ പോരാളിയും സിപിഎം സ്ഥാപക നേതാക്കളിൽ ഒരാളുമായ സഖാവ് എൻ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണൽ കൗൺസിലിൽനിന്ന് ഇറങ്ങിവന്ന് സിപിഎം രൂപീകരിക്കാൻ തുടക്കമിട്ട 32 അംഗ ദേശീയ കൗൺസിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ. വിദ്യാർത്ഥിയായിരിക്കെ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാൻ തുടങ്ങിയ സഖാവ് ഏഴ് പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ ഏതാണ്ട് എട്ട് വർഷം ജയിൽവാസവും അനുഷ്ഠിച്ചു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് ഒരു ദിവസം മുമ്പ് മോചിപ്പിക്കപ്പെട്ട നിരവധി കമ്യൂണിസ്റ്റുകാരിൽ ഒരാളാണ് ശങ്കരയ്യ. പാർടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായും അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വമായും പ്രവർത്തിച്ചു. സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രിയ സഖാവിന് അന്ത്യാഭിവാദ്യങ്ങൾ – എം വി ഗോവിന്ദൻ ഫെയ്സ് ബുക്കിൽ കുറിച്ചു.