ലൈഫ് മിഷൻ പദ്ധതിയിൽ 85 ശതമാനം തുകയും ചെലവാക്കിയത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പുമാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. പദ്ധതിക്ക് കേന്ദ്രം നൽകിയത് തുച്ഛമായ സഹായമാണ്. എന്നിട്ടും പദ്ധതിയിൽ കേന്ദ്രത്തിൻ്റെ ലോഗോ വെക്കാൻ ആവശ്യപ്പെടുന്നു. ലോഗോ വെച്ചില്ലെങ്കിൽ സഹായം നൽകില്ലെന്നാണ് കേന്ദ്രത്തിൻ്റെ നിലപാട്.
ഇത്തരത്തിൽ കേന്ദ്രത്തിൻ്റെ പേര് അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. കോ –ബ്രാൻഡിങ്ങ് പോലും പാടില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. സംസ്ഥാന സർക്കാരിൻ്റെ പേര് വെക്കണമെന്ന് സർക്കാരിന് നിർബന്ധമില്ല. 72,000 രൂപ തന്നിട്ട് കേന്ദ്രത്തിൻ്റെ പേരും ലോഗോയും വെക്കണമെന്ന് കേന്ദ്രം വാശി പിടിക്കുന്നു. 72,000 മുടക്കിയാൽ ശൗചാലയം പണിയാൻ പോലും കഴിയില്ല. എന്നിട്ടാണ് മോദി സർക്കാരിൻ്റെ ലോഗോ വെക്കാൻ ആവശ്യപ്പെടുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.