തകഴി കുന്നുമ്മ കാട്ടിപ്പറമ്പിൽ കെ ജി പ്രസാദ് ജീവനൊടുക്കിയത് സർക്കാർ പാഡി റെസീപ്റ്റ് ഷീറ്റ് (പിആർഎസ്) കുടിശ്ശിക വരുത്തിയതാണെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് ഭാര്യ ഓമന. പിആർഎസ് വായ്‌പയ്‌ക്ക് ഇതുമായി ബന്ധമില്ലെന്ന് അവർ പറഞ്ഞു. 2011ൽ എസ്‌ബിഐയിൽനിന്ന് 25,000 രൂപ കൃഷിയാവശ്യത്തിന് വായ്‌പയെടുത്തിരുന്നു. തിരിച്ചടവ് പലതവണ മുടങ്ങി. 2020ൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയനുസരിച്ച് ബാധ്യതയിൽനിന്ന് ഒഴിവായി. പിന്നീട് വായ്‌പയ്‌ക്ക് ശ്രമിച്ചപ്പോഴാണ് സിബിൽ സ്‌കോർ കുറവാണെന്നും ബാങ്ക് വായ്‌പ കിട്ടില്ലെന്നും അറിഞ്ഞത്. സ്ഥലം പണയം വച്ചും കുറച്ച് സ്ഥലം വിറ്റും പ്രശ്‌നം പരിഹരിക്കാൻ നോക്കിയെങ്കിലും അതിനും കഴിഞ്ഞില്ല. പിന്നീട് പലിശയ്ക്ക് പണമെടുത്താണ് കൃഷി ചെയ്‌തത്. ഇക്കുറി 3.5 ഏക്കറിലാണ് പുഞ്ചകൃഷിയിറക്കിയത്. വിതച്ചിട്ട് ഏഴ് ദിവസമായി. കീടനാശിനിയും വളവും നൽകേണ്ട സമയമാണ്. അതിന് പണത്തിനായി ബാങ്കുകളിലും കൈവായ്‌പയ്‌ക്കും ശ്രമിച്ചിട്ട് കിട്ടിയില്ല. അതിൽ പ്രസാദിന് മനപ്രയാസമുണ്ടായിരുന്നതായും ഭാര്യ വ്യക്തമാക്കുന്നു.
50,000 രൂപ വായ്‌പയ്‌ക്കാണ് ശ്രമിച്ചത്. വർഷങ്ങളായി കൃഷിചെയ്യുന്നു. പിആർഎസിന്റെ പണവും ബാങ്കിലാണ് വരുന്നത്. പിആർഎസിൻ്റെ തുക രണ്ട് ലക്ഷത്തിന് മുകളിലൊക്കെ ലഭിക്കും. അത് കണക്കിലെടുത്തെങ്കിലും വായ്‌പ അനുവദിക്കണമെന്ന് ബാങ്കിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വായ്പ അനുവദിച്ചില്ല. ഇതിനെയാണ് പിആർഎസുമായി ബന്ധപ്പെടുത്തി പറയുന്നത്. അന്ന് വായ്‌പ ഒറ്റത്തവണ തീർപ്പാക്കുന്ന ഘട്ടത്തിൽ സിബിൽ സ്‌കോർ പ്രശ്‌നം അറിയിച്ചിരുന്നെങ്കിൽ എങ്ങനെയെങ്കിലും മുഴുവൻ തുകയും അടയ്‌ക്കുമായിരുന്നു. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് അറിയില്ലെന്നും ഓമന പറഞ്ഞു.