ലൈഫ് മിഷനിൽ പട്ടികവർഗ വിഭാഗങ്ങളുടെ ഭവന പൂർത്തീകരണത്തിനായി സർക്കാർ 25 കോടി രൂപകൂടി അനുവദിച്ചു. രാജ്യത്ത് ഭവന നിർമാണത്തിന് ഏറ്റവും കൂടുതൽ തുക ചെലവിടുന്ന കേരളം സമ്പൂർണ പാർപ്പിട സംസ്ഥാനമെന്ന നേട്ടത്തിലേക്ക് മുന്നേറുകയാണ്.
കേന്ദ്രസർക്കാർ സാമ്പത്തികമായി തകർക്കാൻ ശ്രമിക്കുമ്പോഴും ലൈഫ് ഭവനപദ്ധതിയിൽ കേരളം ഇതിനകം 18,000 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. ഇതിൻ്റെ 91.61 ശതമാനവും വഹിച്ചത് സംസ്ഥാന സർക്കാരും തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുമാണ്. കേന്ദ്രവിഹിതം 8.33 ശതമാനംമാത്രം. കേന്ദ്ര സർക്കാരിൻ്റെയും തദ്ദേശസ്ഥാപനങ്ങളുടെയും വിഹിതം ഉൾപ്പെടെ നാല് ലക്ഷം രൂപയാണ് കേരളം ഒരു ഗുണഭോക്താവിന് വീട് വയ്‌ക്കാൻ നൽകുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന തുകയാണിത്. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് 1.80 ലക്ഷം രൂപയാണ് നൽകുന്നത്. പിഎംഎവൈ പദ്ധതിയിൽ നഗരപ്രദേശത്ത് വീടൊന്നിന് 72,000 രൂപയാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. ഭവനരഹിതർക്കുള്ള ലൈഫ് ഭവന പദ്ധതിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക് ലഭിക്കുന്ന സർക്കാർ സഹായവും ഈയിടെ കേരളം വർധിപ്പിച്ചിരുന്നു. ഇതുവരെ പട്ടിക വർഗ സങ്കേതങ്ങളിൽ വീട് വയ്‌ക്കുന്നവർക്ക് ആറുലക്ഷം രൂപയും അല്ലാത്തവർക്ക് നാല് ലക്ഷം രൂപയുമാണ് നൽകിയിരുന്നത്. സങ്കേതങ്ങൾക്ക് പുറത്ത് വീടുവയ്‌ക്കുന്ന പട്ടിക വർഗ കുടുംബങ്ങൾക്കും ഇപ്പോൾ ആറ് ലക്ഷം രൂപ നൽകുന്നുണ്ട്.
സുരക്ഷിതഭവനം സ്വപ്‌നംകണ്ട 3,56,108 കുടുംബങ്ങൾക്ക് ഇതിനകം ലൈഫ് പദ്ധതിയിൽ വീടു ലഭിച്ചു. നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളും സമർപ്പിച്ചു. 1,25,738 വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യ നിർണയ പ്രക്രിയയിലൂടെ കണ്ടെത്തിയ ഭവനരഹിതരിൽ 468 കുടുംബങ്ങൾക്കും വീടെന്ന സ്വപ്‌നം സഫലമായി.