കേരളീയം പകർന്ന ഊർജ്ജവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങൾക്കരികിലെത്തുന്ന നവകേരള സദസിന് 18 ന് മഞ്ചേശ്വരത്ത് തുടക്കം കുറിക്കും. ഭരണ നിർവ്വഹണത്തിലെ പുതിയ അധ്യായമായി നവകേരള സദസ്സ് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പുവരുത്തുന്നതിനും പ്രതിബദ്ധതയോടെയുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്. മെച്ചപ്പെട്ട ഭരണ നിർവ്വഹണം അതിൻറെ ഭാഗമാണ്. പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വിപുലമായ സൗകര്യങ്ങൾ നിലവിലുണ്ടെങ്കിലും പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങൾ നിലനിൽക്കുന്നു. അവയ്ക്ക് പരിഹാരം കാണുന്നതിനുള്ള വിപുലമായ ഇടപെടലാണ് ‘കരുതലും കൈത്താങ്ങും’ എന്ന പേരിൽ ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന അദാലത്തുകൾ. മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന അദാലത്തുകൾ വലിയ വിജയമായിരുന്നു. ഇതിനെ തുടർന്ന് ജില്ലാ തലത്തിൽ മന്ത്രിമാർ പങ്കെടുത്ത് അവലോകനം നടന്നു. സംസ്ഥാനത്തെ നാല് മേഖലകളായി തിരിച്ചു മന്ത്രിസഭ ആകെ പങ്കെടുത്ത മേഖലാതല അവലോകന യോഗങ്ങൾ നടന്നു.
അതിദാരിദ്ര്യം, വിവിധ മിഷനുകൾ, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ, മാലിന്യമുക്ത കേരളം, ജില്ലയുമായി ബന്ധപ്പെട്ട് കളക്ടർമാർ കണ്ടെത്തുന്ന പ്രധാന പ്രശ്നങ്ങൾ എന്നിങ്ങനെ അഞ്ചു വിഷയങ്ങൾ ഓരോ അവലോകന യോഗവും വിശദമായി പരിശോധിച്ചു. ഓരോ വിഭാഗത്തിലും നടപ്പാക്കിയ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ എന്നിവയാണു ചർച്ച ചെയ്തു തീരുമാനത്തിലേക്ക് പോയത്. ഈ പ്രക്രിയയുടെ അടുത്ത ഘട്ടമാണ് നവകേരള സദസ്സ്. ജനാധിപത്യം അതിൻറെ എല്ലാ അർത്ഥത്തിലും സമ്പുഷ്ടമാക്കാനും ജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ദൃഢപ്പെടുത്താനുമുള്ള വലിയൊരു യജ്ഞമാണ് നവംബർ പതിനെട്ടിന് ആരംഭിക്കുന്നത്. മന്ത്രിസഭ ഒന്നാകെ 140 നിയമസഭാമണ്ഡലങ്ങളിലും എത്തി ജനങ്ങളുമായി സംവദിക്കും. ഡിസംബർ 24 ന് തിരുവനന്തപുരത്താണ് സമാപനം.
മണ്ഡലാടിസ്ഥാനത്തിൽ സംഘാടക സമിതികൾ രൂപീകരിച്ച് നവകേരള സദസ് വൻ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാടെങ്ങും. സഹകരണ സ്ഥാപനങ്ങളും തൊഴിലാളികളും കൃഷിക്കാരും കർഷകത്തൊഴിലാളികളും മഹിളകളും യുവജനങ്ങളും വിദ്യാർഥികളുമെല്ലാം ബഹുജന സദസ്സുകളിലേക്ക് ഒഴുകിയെത്തും. സംസ്ഥാനത്തിൻ്റെ വികസനക്കുതിപ്പിനുള്ള നിർദേശങ്ങൾ സ്വീകരിക്കുന്ന സദസ്സുകൾക്കൊപ്പം കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. സമൂഹത്തിൻ്റെ വിവിധ മേഖലകളിൽനിന്നുള്ളവർ നവകേരള സദസ്സിൻ്റെ ഭാഗമാകും.
പൊതുജനങ്ങളിൽനിന്ന് സ്വീകരിക്കുന്ന പരാതികളിൽ ഒരുമാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കണമെന്ന് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനതലത്തിലുള്ള പരാതികൾ ഒന്നര മാസത്തിനുള്ളിലും പരിഹരിക്കണം. ഓരോ വേദിയിലും പരാതി സ്വീകരിക്കാൻ കൗണ്ടറുണ്ടാകും. നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്ന് മണിക്കൂർമുമ്പ് കൗണ്ടർ പ്രവർത്തനം തുടങ്ങും. അവസാന പരാതിയും സ്വീകരിച്ചശേഷമേ കൗണ്ടറടയ്‌ക്കൂ. സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിയുള്ളവർ തുടങ്ങിയവർക്കായി പ്രത്യേക കൗണ്ടറുണ്ടാകും. ഓരോ പരാതിക്കും കൈപ്പറ്റ് രസീത് നൽകും. ഡാറ്റാ എൻട്രി പൂർത്തിയാക്കുന്ന ദിവസംതന്നെ തുടർനടപടിക്കായി പോർട്ടലിലൂടെ കൈമാറണം.
പരാതികളിൽ രണ്ടാഴ്‌ചയ്‌ക്കകം തീരുമാനമെടുക്കണം. പരാതിക്കാർക്ക് വിശദമായ മറുപടി നൽകി പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൂടുതൽ നടപടിക്രമങ്ങൾ ആവശ്യമുള്ള പരാതികളിൽ നാലാഴ്‌ചവരെ സമയമെടുക്കാം. സംസ്ഥാനതലത്തിൽ പരിഹരിക്കേണ്ട പ്രശ്‌നങ്ങൾക്ക് കൂടുതൽ സമയമെടുക്കുന്ന സാഹചര്യത്തിൽ പരാതിക്കാരന് വിശദമായ ഇടക്കാല റിപ്പോർട്ട് നൽകണം.
ജില്ലാതലത്തിൽ തീരുമാനമെടുക്കുന്ന പരാതികൾ സമയബന്ധിതമായി തീർപ്പാക്കാനുള്ള ഉത്തരവാദിത്തം ജില്ലാതല വകുപ്പ് മേധാവിക്കായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു. കേരളീയം ബഹിഷ്‌കരണത്തിലൂടെ ഒറ്റപ്പെട്ട പ്രതിപക്ഷം നവകേരള സദസ്സിലും പങ്കെടുക്കില്ലെന്ന് മുൻകൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.