കേരളീയത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ ആകെ 2.57 കോടിയിലധികം രൂപയുടെ വിൽപ്പന നടന്നു. വ്യാപാരമേളയിൽ 1.91 കോടി രൂപയുടെ വിൽപ്പനയാണ് നടന്നത്. കനകക്കുന്നിൽ പ്രവർത്തിച്ച കുടുംബശ്രീയുടെ സ്വന്തം “മലയാളി അടുക്കള’യിലൂടെയും ഉൽപ്പന്ന പ്രദർശന വിപണന സ്റ്റാളുകളിലൂടെയും 1.37 കോടി രൂപയുടെ വിറ്റുവരവാണ് വനിതാ സംരംഭകർ സ്വന്തമാക്കിയത്. ഭക്ഷ്യമേളയിൽനിന്ന് 87.99 ലക്ഷം രൂപയും ഉൽപ്പന്ന പ്രദർശന വിപണന മേളയിൽനിന്ന് 48.71 ലക്ഷം രൂപയും ലഭിച്ചു. ആകെ 1,36,69,911 രൂപയുടെ വരുമാനം കുടുംബശ്രീക്ക് മാത്രം ലഭിച്ചു.
അട്ടപ്പാടിയുടെ വനസുന്ദരിയാണ് ഏറ്റവും കൂടുതൽ വിറ്റുവരവ് നേടി ഭക്ഷ്യമേളയിൽ താരമായത്. 15.63 ലക്ഷം രൂപയാണ് ഏഴുദിവസത്തിൽ സ്വന്തമാക്കിയത്. അട്ടപ്പാടിയിലെ ആദിവാസികൾ വനമേഖലയിൽ നിന്ന് ശേഖരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾകൊണ്ട് തയ്യാറാക്കിയ മസാലയാണ് വനസുന്ദരിയുടെ പ്രധാന ആകർഷണം.
കേരളീയം: ഭക്ഷ്യമേളയിൽ 2.57 കോടിയുടെയും ട്രേഡ് ഫെയറിൽ 1.91 കോടിയുടെയും വിൽപ്പന ഭക്ഷ്യമേളയിൽ ‘കേരള മെനു: അൺലിമിറ്റഡ്’ എന്ന ബാനറിൽ കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിലെ 10 ഭക്ഷണ വിഭവങ്ങൾ ബ്രാൻഡ് ചെയ്ത് അവതരിപ്പിച്ചു. കേരളത്തിലെ ഭക്ഷണവൈവിധ്യത്തെ പ്രാദേശികമായി ടാഗ് ചെയ്യുക കൂടി ആണ് ഈ ബ്രാൻഡിംഗ്. ഭൂരിഭാഗം സ്റ്റാളുകളും വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിച്ച് വിജയിച്ച ചെറുകിട സംരംഭകരുടേതായിരുന്നു. പട്ടിക വർഗ വികസന വകുപ്പ്, സഹകരണ വകുപ്പ്, ഫിഷറീസ് വകുപ്പ്, ക്ഷീര വികസന വകുപ്പ്, കുടുംബശ്രീ തുടങ്ങിയവയും ഭക്ഷ്യമേളയുടെ ഭാഗമായി. വ്യത്യസ്ത തീമുകളെ അടിസ്ഥാനമാക്കി തിരുവനന്തപുരം നഗരത്തിലും പരിസരത്തുമായി 22 എക്സിബിഷനുകളാണ് നടന്നത്. എട്ട് വേദികളിലായി 434 സ്റ്റാളുകളിൽ 600ൽ അധികം സംരംഭകരെ ഉൾപ്പെടുത്തി വ്യാപാര, പ്രദർശന മേളകൾ സംഘടിപ്പിച്ചു. 1,91,28,909 രൂപയുടെ വിൽപ്പനയാണ് ട്രേഡ് ഫെയറിൽ നടന്നത്. ബിസിനസ് ടു ബിസിനസ് മീറ്റിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംരംഭകരെ പങ്കെടുപ്പിക്കാനും അവരെ പ്രാദേശിക സംരംഭകരുമായി ബന്ധിപ്പിക്കാനും സാധിച്ചു. പുഷ്പമേളകളിൽ 2.24 ലക്ഷം രൂപയുടെ വിൽപ്പനയാണ് നടന്നത്.