ന്യൂഡൽഹി: നിയമസഭ പാസാക്കിയ സുപ്രധാന ബില്ലുകളിൽ ഒപ്പിടാതെ തടഞ്ഞുവെച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ വീണ്ടും സുപ്രീംകോടതിയിൽ. ഗവർണറുടെ നടപടി ചോദ്യം ചെയ്ത് സുപ്രീംകോടതിയിൽ കേരളം പ്രത്യേകാനുമതി ഹർജി ഫയൽ ചെയ്തു.
ഭരണഘടനയോ ജനാധിപത്യമൂല്യങ്ങളോ പാലിക്കാതെ, രണ്ടുവർഷത്തോളം പഴക്കമുള്ളതടക്കം എട്ടു ബില്ലുകളാണ് ഗവർണർ പിടിച്ചുവച്ചിരിക്കുന്നത്. ജനാഭിലാഷം പ്രതിഫലിക്കുന്ന ബില്ലുകൾ നിയമമാകുന്നതിന് ഗവർണർ ഉണ്ടാക്കുന്ന അസ്വാഭാവിക കാലവിളംബം ഭരണഘടനയുടെ അനുച്ഛേദം 200 ന് എതിരാണ് എന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാരിൻ്റെ താൽപര്യം സംരക്ഷിക്കുന്നതിനാണ് ഗവർണർ ജനാധിപത്യ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്. ബില്ലുകളിൽ ഗവർണ്ണർ ആവശ്യപ്പെട്ട വിശദീകരണങ്ങളും സ്പഷ്ടീകരണങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തെ സന്ദർശിച്ച് നൽകിയിരുന്നു. കേരളത്തിലെ സർവ്വകലാശാലാ നിയമങ്ങളുടെ ഏകീകരണ ബില്ല് ഗവർണർ ഒപ്പിടാത്തതിനാൽ വൈസ് ചാൻസലർ നിയമനങ്ങൾ മുടങ്ങിയിരിക്കയാണ്. കേരള പൊതുജനാരോഗ്യ ബില്ലും ഒപ്പിട്ടിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഉപദേശവും സഹായവും പ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്ന് ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്. വിശദീകരണങ്ങൾ തൃപ്തികരമല്ലെങ്കിൽ തിരിച്ചയക്കുകയോ രാഷ്‌ട്രപതിക്ക് അയക്കുകയോ ആണ് വേണ്ടത്. ബില്ലിൽ ഭരണഘടനയ്ക്ക് വിരുദ്ധമായ ഭാഗമുണ്ടെങ്കിൽ അത് പറയാം. എന്നാൽ, ഈ കാരണങ്ങളൊന്നും ഗവർണർ വ്യക്തമാക്കിയിട്ടുമില്ല.