സിൽവർ ലൈൻ പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായം അറിയിക്കാൻ ദക്ഷിണ റെയിൽവേക്ക് റെയിൽവേ ബോർഡ് വീണ്ടും നിർദേശം നൽകി. വിശദമായ റിപ്പോർട്ട് തയ്യാറാക്കണമെന്നും റെയിൽവെ ബോർഡ് ഗതിശക്തി വിഭാഗം ഡയറക്ടർ എഫ് എ അഹമ്മദ് ദക്ഷിണ റെയിൽവേ ജനറൽ മാനേജരോട് ആവശ്യപ്പെട്ടു.
കാസർകോട് – തിരുവനന്തപുരം സിൽവർ ലൈൻ പദ്ധതിക്കുവേണ്ടി ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ വിശദാംശങ്ങൾ കെ – റെയിൽ ദക്ഷിണ റെയിൽവേ അധികൃതർക്ക് കൈമാറിയിരുന്നു. അലൈൻമെന്റിലുള്ള റെയിൽവേ ഭൂമിയുടെയും നിലവിലുള്ള റെയിൽവേ കെട്ടിടങ്ങളുടെയും റെയിൽവേ ക്രോസുകളുടെയും വിശദ രൂപരേഖ സമർപ്പിക്കാൻ ബോർഡ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഇത്. 2020 സെപ്തംബറിൽ നൽകിയ ഡിപിആറിൽ ബോർഡ് ഉന്നയിച്ച സംശയങ്ങൾക്കും കെ – റെയിൽ മറുപടി നൽകിയിരുന്നു.
റെയിൽവേ ഭൂമിയുടെയും ലെവൽ ക്രോസുകളുടെയും വിശദാംശങ്ങൾക്കായി കെ – റെയിലും ദക്ഷിണ റെയിൽവേയും സംയുക്ത പരിശോധന നടത്തി. തുടർന്നാണ് സിൽവർ ലൈനിനായി ഏറ്റെടുക്കേണ്ടി വരുന്ന റെയിൽവേ ഭൂമിയുടെ വിവരങ്ങൾ നൽകിയത്. തിരുവനന്തപുരം മുതൽ കാസർകോടുവരെ 189.6 കിലോമീറ്ററിൽ 108 ഹെക്ടർ റെയിൽവേ ഭൂമി സിൽവർ ലൈനിനുവേണ്ടി ഏറ്റെടുക്കേണ്ടി വരും. ഭൂമി ഏറ്റെടുക്കലിൻ്റെ ഭാഗമായി സർവെ നടപടികൾ ആരംഭിച്ചിരുന്നു. എന്നാൽ പതിവു പോലെ പ്രതിപക്ഷവും മാധ്യമങ്ങളും സിൽവർ ലൈൻ പദ്ധതിയും അട്ടിമറിക്കാൻ രംഗത്തിറങ്ങി. പലയിടത്തും കലാപം സൃഷ്ടിച്ചു. സർവെയുടെ ഭാഗമായി നാട്ടിയ കല്ലുകൾ പിഴുതെറിഞ്ഞു. കുറ്റി പറിച്ചെറിയൽ സമരത്തിന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആഹ്വാനം ചെയ്തു. ബി ജെ പി സംസ്ഥാന നേതൃത്വവും പദ്ധതിക്കെതിരെ സമരവുമായി രംഗത്തിറങ്ങി. തുടർന്നാണ് സിൽവർ ലൈൻ നടപടികൾ മന്ദഗതിയിലായത്.
സിൽവർ ലൈൻ പദ്ധതിക്ക് പകരമെന്ന് കൊട്ടി ഘോഷിച്ചു കൊണ്ടുവന്ന വന്ദേ ഭാരത് കേരളത്തിലാകെ ട്രെയിൻ യാത്ര ദുരിതമാക്കി മാറ്റി. മറ്റ് ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിടുന്നത് പതിവായി. ട്രെയിനുകളിലെ കോച്ചുകൾ വെട്ടിക്കുറച്ചതും ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാത്തതും ട്രെയിൻ യാത്ര ദുരന്താനുഭവമാക്കി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഭാവികേരളത്തിൻ്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ വീണ്ടും സജീവമാകുന്നത്.