കേരളവർമ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൻ്റെ പേരിൽ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ കെഎസ്‌യുക്കാരെ നിയോഗിച്ച് കോൺഗ്രസ്. കേരളീയം അലങ്കോലമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു സംഘം കെഎസ്‌യുക്കാർ നഗരത്തിൽ അഴിഞ്ഞാടിയത്.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം മന്ത്രിക്കുമേൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ച് വന്നവർ കേരളീയത്തിൻ്റെ ഭാഗമായി സ്ഥാപിച്ച ഫ്ളക്സുകളും മറ്റും തകർത്തു.
പ്രതിപക്ഷത്തിൻ്റെ ബഹിഷ്‌കരണത്തിന് ഒരു വിലയും കൊടുക്കാതെ കേരളീയത്തിലേക്ക് ജനം ഒഴുകുന്നതിൻ്റെ അസ്വസ്ഥതയിലാണ് കോൺഗ്രസ് നേതൃത്വം. കലാപരിപാടികളിൽ മാത്രം ജനപങ്കാളിത്തമുണ്ടായേക്കാമെന്ന പ്രതിപക്ഷ പ്രവചനവും കേരളം തൂത്തെറിഞ്ഞു. നിറഞ്ഞുകവിഞ്ഞ സെമിനാർ സദസ്സ് അവർക്കുള്ള മറുപടിയായി. ഇതോടെയാണ് കേരളീയം കലക്കാൻ കെഎസ്‌യുക്കാരെ ഇറക്കിവിട്ടത്.മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലെ പ്രതിഷേധത്തിനുശേഷം പാളയത്തേക്ക് വന്ന കെ എസ് യുക്കാർ പോലീസുമായി ഏറ്റുമുട്ടുമെന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. കേരളീയം പരിപാടിയുടെ ഫ്ലക്‌സ് കീറുമെന്ന വിവരവും ചിലർക്ക് മുൻകൂട്ടി ലഭിച്ചു. ബേക്കറി ജങ്‌ഷനിലാണ് റോഡ് ഉപരോധിച്ച് സംഘർഷത്തിന് ശ്രമിച്ചത്. നഗരത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഗതാഗത സ്തംഭനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്.
ചിലർ പാളയം ജങ്‌ഷനിലേക്ക് നീങ്ങി കേരളീയത്തിന്റെ ഫ്ലക്‌സ് ബോർഡുകൾ തകർത്തു. ഇവിടെ സ്ഥാപിച്ച മറ്റ് ബോർഡുകളിൽ തൊട്ടതുമില്ല. മന്ത്രിയുടെയും എംഎൽഎയുടെയും വാഹനം ആക്രമിച്ചതും വലിയ കലാപം മോഹിച്ചാണ്. പോലീസ് വാഹനത്തിൻ്റെ താക്കോൽ പൊട്ടിച്ചതിനും കലാപം തന്നെയായിരുന്നു ലക്ഷ്യം. എന്നാൽ, പോലീസ് സമചിത്തതയോടെ ഇടപെട്ടു.
കേരളീയം സമാപന നാളിൽ തലസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കി ജനപങ്കാളിത്തം കുറയ്‌ക്കുകയെന്ന പ്രതിപക്ഷ മോഹമാണ് ഇതോടെ തകർന്നത്.