തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് കേരളീയത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. തന്നോട് കേരളീയം സെമിനാറിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യർ പറഞ്ഞു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളീയത്തിൻ്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ വിഷയത്തിലെ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം വ്യത്യസ്തമായ സംസ്ഥാനമെന്നും അധികാര വികേന്ദ്രീകരണം കൃത്യതയോടെ നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളമെന്നും മണിശങ്കർ അയ്യർ കേരളീയം വേദിയിൽ പറഞ്ഞു. കേരളത്തിൽ ഗ്രാമസഭകൾ തുറന്ന ചർച്ചകൾക്ക് വേദിയാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.