ജനലക്ഷങ്ങളുടെ പങ്കാളിത്തത്തിലൂടെ ചരിത്രം സൃഷ്ടിക്കുന്ന കേരളീയം ബഹിഷ്കരിച്ചതിനെതിരെ യുഡിഎഫിൽ അമർഷം ശക്തമായി. കെ സുധാകരനും വി ഡി സതീശനും ഉൾപ്പെടെ ചില കോൺഗ്രസ് നേതാക്കളുടെ കടുംപിടിത്തത്തെ തുടർന്നാണ് കേരളീയം ബഹിഷ്കരിക്കുമെന്ന് യു ഡി എഫ് മുൻകൂട്ടി പ്രഖ്യാപിച്ചത്. കോൺഗ്രസിൻ്റെ പിടിവാശിക്ക് കീഴടങ്ങിയത് ഭീമാബദ്ധമായെന്ന ചർച്ച യുഡിഎഫിൽ കൊടുമ്പിരി കൊള്ളുകയാണ്. കോൺഗ്രസ് നേതാക്കളുടെ ആഹ്വാനം ആരും മുഖവിലയ്‌ക്കെടുത്തില്ലെന്ന് കേരളീയം വേദികളിലെ ജനപ്രവാഹം തെളിയിക്കുന്നു. കോൺഗ്രസ് നേതാക്കൾ ബഹിഷ്കരിച്ചെങ്കിലും ജനങ്ങൾ കേരളീയം ഏറ്റെടുത്തു. ഈ തിരിച്ചറിവാണ് യുഡിഎഫ് ഘടക കക്ഷികളിൽ അസ്വാരസ്യത്തിന് വഴി തുറന്നത്. പല യുഡിഎഫ് എംഎൽഎമാരും വിവിധ രീതിയിൽ കേരളീയവുമായി സഹകരിക്കുന്നുമുണ്ട്.
സാമ്പത്തിക വിഷയത്തിൽ നടന്ന സുപ്രധാന സെമിനാറിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽനിന്ന് മോൻസ് ജോസഫ് പങ്കെടുത്തു. കഴിഞ്ഞ ദിവസം നിയമസഭാ പുസ്തകോത്സവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും സി പി ജോണും പങ്കെടുത്തിരുന്നു. കേരളീയത്തിൻ്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ തദ്ദേശ വകുപ്പ് സംഘടിപ്പിച്ച കേരളത്തിലെ പ്രാദേശിക സർക്കാരുകൾ വിഷയത്തിലെ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരും പങ്കെടുത്തിരുന്നു. തന്നോട് കേരളീയം സെമിനാറിൽ പങ്കെടുക്കരുതെന്ന് നേതാക്കൾ ആവശ്യപ്പെട്ടതായി മണിശങ്കർ അയ്യർ പറഞ്ഞു. രാഷ്ട്രീയം പറയാനല്ല വേദിയിലെത്തിയതെന്നും അതിനാൽ നടപടിയുണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.