മലപ്പുറം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ്റെ പട്ടി പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സുധാകരനെ കോൺഗ്രസ് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മൃഗങ്ങളുടെ കാര്യത്തിൽ ലീഗ് അഭിപ്രായം പറയുന്നില്ലെന്നും ഏത് നേതാവായാലും വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും പിഎംഎ സലാം പറഞ്ഞു.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എംപി പ്രതികരിച്ചിരുന്നു. ഇതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും ആ തീരുമാനം എല്ലാവർക്കും ബാധകമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. വരുന്ന ജന്മം പട്ടി ആണെങ്കിൽ ഇപ്പോഴേ കുരക്കണമോ എന്നും കെ സുധാകരൻ ചോദിച്ചു. ഇതിനെതിരെയാണ് അതൃപ്തി പരസ്യമാക്കി പിഎംഎ സലാം രംഗത്തുവന്നിരിക്കുന്നത്.