ഇസ്രയേലിൻ്റെ ക്രൂരമായ നരവേട്ടയ്ക്കിരയാകുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നടത്തുന്ന സമ്മേളനങ്ങൾക്കെതിരെ കോൺഗ്രസ് നേതൃത്വം രംഗത്ത്. മലപ്പുറത്ത് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ സദസിന് കെപിസിസി വിലക്കേർപ്പെടുത്തി. കോഴിക്കോട്ട് സിപിഎം നേതൃത്വത്തിൽ നവംബർ 11 ന് സംഘടിപ്പിക്കുന്ന ഐക്യദാർഢ്യ റാലിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ പട്ടി പ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തു വന്നു. ക്ഷണിച്ചാൽ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മുസ്ലിം ലീഗിനെ ഹീനമായ ഭാഷയിൽ അധിക്ഷേപിച്ച് സുധാകരൻ രംഗത്തെത്തിയത്. അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കുന്നതിന് ഇപ്പോഴേ കുരയ്ക്കണോ എന്നായിരുന്നു സുധാകരൻ്റെ ചോദ്യം. മൃഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായപ്രകടനത്തിനില്ലെന്നും സുധാകരനെ കോൺഗ്രസ് നിയന്ത്രിക്കണമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാം തിരിച്ചടിക്കുകയും ചെയ്തു.
വെള്ളിയാഴ്ചയാണ് കെപിസിസി വിലക്ക് ലംഘിച്ച് ആര്യാടൻ ഫൗണ്ടേഷൻ പലസ്‌തീൻ ഐക്യദാർഢ്യ യുദ്ധവിരുദ്ധ ജനമഹാസദസ് സംഘടിപ്പിക്കുന്നത്. ആര്യാടൻ മുഹമ്മദിനൊപ്പം നിന്നവരെ കോൺഗ്രസ് സംഘടനാചിത്രത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ടിരിക്കുന്നതാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. ഇതിൻ്റെ പ്രതിഫലനമെന്നോണം രൂപീകരിച്ചതാണ് ആര്യാടൻ ഷൗക്കത്ത് ചെയർമാനായ ഫൗണ്ടേഷൻ.
മുൻ ഡിസിസി പ്രസിഡന്റും മുതിർന്ന നേതാവുമായ സി ഹരിദാസ് ചെയർമാനും മുൻ കെപിസിസി ജനറൽ സെക്രട്ടറി വി എ കരീം കൺവീനറും വീക്ഷണം മുഹമ്മദ് ട്രഷററുമായുള്ള സംഘാടക സമിതിയാണ് പരിപാടിക്ക് നേതൃത്വംനൽകുന്നത്. ജില്ലയിലെ നൂറ് കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ ജനസദസ് പൂർത്തിയാക്കിയാണ് മലപ്പുറത്തെ പരിപാടി.
ഡിസിസി പ്രസിഡന്റിൻ്റെ ചുമതലയുണ്ടായിരുന്ന ആര്യാടൻ ഷൗക്കത്തിനെ ഒഴിവാക്കി എ ഗ്രൂപ്പിൽനിന്ന് കൂറുമാറിയ വി എസ് ജോയിയെ നിയമിച്ചതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ നിശ്‌ചയിച്ചപ്പോഴും എ ഗ്രൂപ്പിനെ വെട്ടി. വോട്ടെണ്ണൽ ബാക്കിയുള്ള യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ആര്യാടൻപക്ഷത്തെ ഒതുക്കാനുള്ള അണിയറനീക്കമാണ് നടക്കുന്നത്. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരുടെ പട്ടിക വന്നപ്പോൾ എ വിഭാഗത്തിന് നഷ്ടംമാത്രമായിരുന്നു. അടുത്തിടെ മണ്ഡലം പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോൾ സമവായ കമ്മിറ്റിയുടെ തീരുമാനംപോലും അട്ടിമറിക്കപ്പെട്ടു. പ്രതിഷേധം കെപിസിസി ആസ്ഥാനംവരെ നീണ്ടെങ്കിലും പരാതികൾ പരിഗണിക്കപ്പെട്ടില്ല. ജില്ലയിൽ കോൺഗ്രസിനെ വളർത്തിയ ആര്യാടൻ മുഹമ്മദിനൊപ്പംനിന്നവരെ, അദ്ദേഹത്തിൻ്റെ വേർപാടിന് ഒരുവർഷംമാത്രമായപ്പോൾ ഒഴിവാക്കുന്നു എന്ന വികാരമാണ് എ ഗ്രൂപ്പിലുള്ളത്.
ആര്യാടൻ ഫൗണ്ടേഷൻ പലസ്‌തീൻ ഐക്യദാർഢ്യ സംഗമം തീരുമാനിച്ചപ്പോൾതന്നെ കെപിസിസിക്ക് ഡിസിസി പരാതി നൽകിയിരുന്നു. സമാന്തര പ്രവർത്തനമെന്നാണ് ഡിസിസിയുടെ പരാതി. എന്നാൽ, പരിപാടിയിൽനിന്ന് പിന്മാറാൻ ആര്യാടൻ ഷൗക്കത്തും എ വിഭാഗവും തയ്യാറായില്ല. തുടർന്നാണ് കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്‌ണൻ പരിപാടി വിലക്കി കത്തയച്ചത്. മാധ്യമങ്ങളിൽ കണ്ടതല്ലാതെ കത്ത് കിട്ടിയിട്ടില്ലെന്നാണ് ഷൗക്കത്തിനൊപ്പം നിൽക്കുന്നവർ പറയുന്നത്. കത്ത് കിട്ടിയാലും പരിപാടി മാറ്റില്ലെന്നും ,നുണപ്രചാരണമാണ് വിലക്കേണ്ടതെന്നും സംഘാടകർ വ്യക്തമാക്കി.