കാസർകോട്: ബിജെപി ദേശീയ വക്താവ് അനിൽ ആന്റണിക്കെതിരെ കേസ്. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് കേസ്. കാസർകോട് കുമ്പളയിൽ വിദ്യാർഥികൾ ബസ് തടഞ്ഞ ദൃശ്യങ്ങൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചുവെന്നാണ് ആരോപണം. കുമ്പളയിൽ ബസ് നിർത്താതെ പോയതിനെത്തുടർന്ന് കോളേജ് വിദ്യാർഥികൾ സ്റ്റോപ്പിൽ ബസ് തടഞ്ഞിരുന്നു. ഇതിനിടെ യാത്രക്കാരിയുമായി തർക്കമുണ്ടായതിനെ സംഘപരിവാർ അനുകൂല സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുകയായിരുന്നു.
സ്റ്റോപ്പിൽ നിർത്താത്തതിന് ബസ് തടഞ്ഞ് പ്രതിഷേധിച്ച വിദ്യാർത്ഥിനികളുടെ വിഡിയോയാണ് വർഗീയ മാനത്തോടെ അനിൽ ആന്റണി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. വടക്കൻ കേരളത്തിൽ ബുർഖ ധരിക്കാതെ ബസ് യാത്ര പറ്റില്ലെന്ന തരത്തിലായിരുന്നു അനിലിൻ്റെ കുറിപ്പ്. ഇന്ത്യ സഖ്യത്തിനെതിരെ വിമർശനത്തോടെയായിരുന്നു സമൂഹമാധ്യമങ്ങളിലെ കുറിപ്പ്. എന്നാൽ വീഡിയോയുടെ വസ്തുത പുറത്തുവന്നതോടെ അനിൽ ആന്റണി എയറിലായി. രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ അനിൽ ആന്റണിക്കെതിരെ ഉണ്ടായത്.