കൊച്ചി: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ പറയുന്നത് വിടുവായത്തമാണെന്നും രാജ്യത്തിൻ്റെ ഒരു മന്ത്രി ഇങ്ങനെയാണോ ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാജീവ് ചന്ദ്രശേഖർ ചീറ്റുന്നത് വെറും വിഷമല്ല. കൊടുംവിഷമാണെന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു. കളമശ്ശേരിയിലെ സ്ഫോടനസ്ഥലവും പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരേയും സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൻ്റെ മതനിരപേക്ഷതയും സൗഹാർദവും തനിമയും തകർക്കുവാനാണ് രാജീവ് ചന്ദ്രശേഖർ ശ്രമിച്ചത്. രാജ്യത്തെ അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിന് വിശ്വാസമില്ലേ. മികച്ച രീതിയിലാണ് അന്വേഷണം നടക്കുന്നത്. കേന്ദ്ര ഏജൻസികളും പിന്തുണയായുണ്ട്. അവരെയൊന്നും വിശ്വാസത്തിലെടുക്കാത്ത വിധമാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പ്രതികരണം.
‘‘ഇന്നലെ സംഭവമറിഞ്ഞയുടനെ കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചിരുന്നു. അദ്ദേഹത്തെ വിഷയം ധരിപ്പിക്കുകയും പ്രത്യേക സഹായങ്ങൾ വേണമെങ്കിൽ ആവശ്യപ്പെടാം എന്ന് അറിയിക്കുകയും ചെയ്തു. അതാണ് രീതി. എന്നാൽ ഇതൊന്നും മനസിലാക്കാതെ ഒരു വിഭാഗത്തെ താറടിക്കാൻ ലക്ഷ്യം വെച്ചുള്ളതായിരുന്നു രാജീവ് ചന്ദ്രശേഖറിൻ്റെ പ്രസ്താവന. അദ്ദേഹത്തിനൊപ്പം കുറച്ചു കൂട്ടാളികളും അതേറ്റുപിടിച്ചു. കേരളത്തിൻ്റെ തനിമ നശിപ്പിക്കാൻ ഈ വിടുവായത്തംകൊണ്ട് കഴിയില്ല. ഇത്തരത്തിൽ പ്രതികരിക്കുന്നയാളെ വിഷം എന്നേ കഴിഞ്ഞദിവസം പറഞ്ഞുള്ളു. അതിലപ്പുറം കൊടുംവിഷമാണ് എന്ന് ഇപ്പോൾ പറയുന്നു.ആക്ഷേപമായല്ല; അലങ്കാരമായിട്ടാണ് അദ്ദേഹം അത് കാണുന്നത് ’’ മുഖ്യമന്ത്രി പറഞ്ഞു.
എന്നും പലസ്തീനൊപ്പമാണ് നമ്മൾ നിന്നിട്ടുള്ളത്. എന്നാൽ രാജീവ് ചന്ദ്രശേഖറിൻ്റെ സർക്കാർ എന്താണ് ചെയ്യുന്നത്. പലസ്തീൻ അനുകൂല പ്രകടനം തടയുവാനല്ലേ നോക്കുന്നത്.
ജമാ അത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി നടത്തിയ പരിപാടിയിലാണ് പലസ്തീൻ പ്രതിനിധി എന്ന് പറയുന്ന ഒരാളുടെ പ്രസംഗം കേൾപ്പിച്ചു എന്ന് പറയുന്നത്. അത് റെക്കോർഡ് ചെയ്‌ത പ്രസംഗം ആയിരുന്നുവെന്ന് കരുതുന്നു. അതേകുറിച്ചുള്ള കാര്യങ്ങൾ കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും പരിപാടിക്ക് അനുമതി ചോദിച്ചപ്പോൾ അനുമതി നൽകുകയാണ് പൊലീസ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.