കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് ജോൺ ബ്രിട്ടാസ് എം പി. കഴിഞ്ഞ ദിവസം കൊച്ചി കളമശ്ശേരിയിലെ സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തീവ്രവികാരമുണർത്തുന്നതും വിഷലിപ്തവുമായ പ്രസ്താവനയാണ് രാജീവ് ചന്ദ്രശേഖർ നടത്തിയത്. കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ തൻ്റെ ഔദ്യോഗിക പരിപാടികളൊക്കെ റദ്ദാക്കി ബഹു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂന്നുദിവസം കേരളം സന്ദർശിക്കുകയാണ്. അദ്ദേഹത്തിന് ഹാർദ്ദമായ സ്വാഗതം. കേരള സന്ദർശനത്തിൽ നിജസ്ഥിതി ബോധ്യമായി തൻ്റെ പ്രസ്താവന അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാമെന്നും ജോൺ ബ്രിട്ടാസ് കുറിച്ചു.
കുറിപ്പ്:
കളമശ്ശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ ഔദ്യോഗിക പരിപാടികളൊക്കെ റദ്ദാക്കി ബഹു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മൂന്നുദിവസം കേരളം സന്ദർശിക്കുകയാണ്. അദ്ദേഹത്തിന് ഹാർദ്ദമായ സ്വാഗതം. മലയാളിയാണെങ്കിലും കേരളത്തിൽ ജീവിക്കാത്തതുകൊണ്ട് നമ്മുടെ സംസ്ഥാനത്തെക്കുറിച്ച് വായിച്ചും കേട്ടറിഞ്ഞുമുള്ള ധാരണയാണ് പ്രധാനമായും അദ്ദേഹത്തിനുള്ളത്.
അത്യന്തം പ്രകോപനപരവും വിഷലിപ്തവുമായ പ്രസ്താവനയാണ് ഇന്നലെ അദ്ദേഹം നടത്തിയത്. കേരള സന്ദർശനത്തിൽ നിജസ്ഥിതി ബോധ്യമായി തന്റെ പ്രസ്താവന അദ്ദേഹം തിരുത്തുമെന്ന് പ്രതീക്ഷിക്കാം. അതല്ല, തനിക്കൊരു രാഷ്ട്രീയഇടം സൃഷ്ടിക്കാൻ ഇതൊരു സുവർണാവസരം ആണെന്ന് കരുതി ശശികലമാരോട് മൽസരിക്കാനാണ് അദ്ദേഹം തയ്യാറെടുക്കുന്നതെങ്കിൽ, കേരളത്തെക്കുറിച്ച് അല്പം കൂടി അദ്ദേഹം പഠിക്കേണ്ടി വരുമെന്ന് പറയാൻ നിർബന്ധിതരാകും മലയാളികൾ.