കൊച്ചി: കളമശ്ശേരി കൺവെൻഷൻ സെന്ററിൽ ഉണ്ടായത് ബോംബ് സ്ഫോടനമെന്ന് സ്ഥിരീകരിച്ച് ഡിജിപി ദർവേശ് സാഹേബ്. ടിഫിൻ ബോക്സിൽ സെറ്റ് ചെയ്ത ഐഇഡി മാതൃകയിലുള്ള ബോംബാണ് പൊട്ടിയത്. അന്വേഷണത്തിന് പ്രത്യേകസംഘം ഇന്നുതന്നെ രൂപീകരിക്കും. ആസൂത്രിത ആക്രമണമെന്നാണ് സംശയിക്കുന്നത്. ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാറായിട്ടില്ല. അന്വേഷണം പ്രാഥമികഘട്ടത്തിലാണ് അന്വേഷണത്തിന് ശേഷമേ കൂടുതൽ കാര്യങ്ങൾ വിശദീകരിക്കാൻ സാധിക്കുവെന്നും ഡിജിപി വ്യക്തമാക്കി.
കൺവെൻഷൻ സെന്ററിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. തെറ്റായ പ്രചാരണങ്ങൾ നിരീക്ഷിക്കാൻ സാമൂഹിക മാധ്യമങ്ങൾ പ്രത്യേക പോലീസ് സംഘത്തേയും നിയോഗിച്ചു. എൻഐഎ (ദേശീയ അന്വേഷണ ഏജൻസി) സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയും സംസ്ഥാനത്തെ ഉന്നത പോലീസ് സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഞായറാഴ്ച രാവിലെ പത്ത് മണിയോടെ കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.