തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലാണ് സർവ്വകക്ഷി യോഗം ചേരുന്നത്. എല്ലാ പാർട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സർവ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കളമശേരിയിൽ സ്ഫോടനമുണ്ടായതിനു പിന്നാലെ പോലീസ് കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രധാന സ്ഥലങ്ങളിലെല്ലാം 24 മണിക്കൂറും പോലീസ് പട്രോളിങ് ഉറപ്പാക്കണം. ഷോപ്പിങ് മാൾ, ചന്തകൾ, കൺെവൻഷൻ സെന്ററുകൾ, സിനിമാ തിയറ്റർ, ബസ് സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, പ്രാർഥനാലയങ്ങൾ, ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കണമെന്നും പോലീസ് ഉന്നത ഉദ്യോഗസ്ഥർക്ക് ഡിജിപി നൽകിയ സന്ദേശത്തിൽ പറയുന്നു.