തിരുവനന്തപുരം: സ്കൂൾ പാഠപുസ്തകങ്ങളിൽ “ഇന്ത്യ” എന്നതിന് പകരം “ഭാരത്” എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. 1 മുതൽ 10 വരെ എസ്സിഇആർടി തയ്യാറാക്കുന്ന പുസ്തകമാണ് കേരളത്തിലെ സ്കൂളുകളിൽ. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലാണ്. അതിനാൽതന്നെ മാറ്റം സംസ്ഥാനത്തെ ബാധിക്കില്ലെന്നും കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത നീക്കമാണ് എൻസിഇആർടി സമിതി നടത്തിയത്. രാഷ്ട്രീയ താൽപര്യമാണ് ഇതിന് പിന്നിൽ. വിദ്യാഭ്യാസ മേഖലയെ കാവി പുതപ്പിക്കാനാണ് ശ്രമിക്കുന്നത് – മന്ത്രി കൂട്ടിച്ചേർത്തു.
“രാജ്യത്ത് 33 കോടി സ്കൂൾ പ്രായമുള്ള കുട്ടികൾ ഉണ്ട് എന്നതാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 25 കോടി കുട്ടികൾ മാത്രമാണ് സ്കൂളുകളിൽ എത്തുന്നത്. ബാക്കി 8 കോടി കുട്ടികൾ വിവിധ കാരണങ്ങളാൽ സ്കൂൾ പാഠ്യപദ്ധതിയുടെ പുറത്താണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിയുമ്പോഴാണ് നാമീ കണക്ക് പറയുന്നത്. ഇത്രയും പ്രധാനപ്പെട്ട വിഷയങ്ങൾ മുമ്പിലുള്ളപ്പോഴാണ് നമ്മൾ ഇപ്പോഴത്തെ വിഷയങ്ങൾ കൂടി ചർച്ച ചെയ്യുന്നത്. ഈ വിഷയങ്ങളെ അഭിസംബോധന ചെയ്യാതെ എങ്ങനെയാണ് ഇന്ത്യയിലെ സ്കൂൾ വിദ്യാഭ്യാസം മുന്നോട്ടു പോകുക എന്നത് ശ്രദ്ധേയമായ ചോദ്യമാണ്.
ഈ വിഷയത്തിൽ നിന്നും ഒളിച്ചോടി പുകമറ സൃഷ്ടിക്കാനുള്ള ഏത് പ്രവർത്തനത്തെയും തുറന്നു കാണിക്കാനുള്ള ബാദ്ധ്യത ഒരു പുരോഗമന സമൂഹം എന്ന നിലയിൽ കേരളത്തിനുണ്ട്. ദേശീയ തലത്തിൽ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളുടെ പേരിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണ്.
പാഠപുസ്തകങ്ങളെ മുഴുവനായും കാവി പുതപ്പിക്കുന്നതിനു വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ദേശീയ തലത്തിൽ കോവിഡിന്റെ പേരും പറഞ്ഞ് എൻസിഇആർടിയുടെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പാഠപുസ്തകങ്ങളിൽ നിന്നും വ്യാപകമായി പാഠഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു.
സയൻസ് പാഠപുസ്തകത്തിൽ നിന്നും പരിണാമ സിദ്ധാന്തവും ഒഴിവാക്കിയത് ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഇത്തരം കാര്യങ്ങൾ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിലൂടെ രാജ്യത്തിന്റെ അക്കാദമിക താൽപര്യം ബലി കഴിക്കപ്പെടുകയാണ്. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയിട്ടുള്ള ഈ നീക്കത്തെയാണ് അക്കാദമിക സമൂഹത്തെ ചേർത്തു നിർത്തി കേരളം പ്രതിരോധിച്ചത്. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തികച്ചും ജനാധിപത്യപരമായ രീതിയിലാണ് ഇത് മുന്നോട്ടു പോകുന്നത്. ജനകീയ ചർച്ചകളും വിദ്യാർത്ഥി ചർച്ചകളും ഇതിലൊന്നും പങ്കെടുക്കാൻ കഴിയാത്ത ആൾക്കാർക്കായി ടെക് – പ്ലാറ്റ്ഫോം വഴിയും അഭിപ്രായങ്ങൾ അറിയിക്കാൻ അവസരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി നിർമ്മിച്ച പാഠ്യപദ്ധതി ചട്ടക്കൂടുകൾ എല്ലാം ജനസമക്ഷത്ത് ഇതിനകം തന്നെ അവതരിപ്പിക്കുകയും തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുവാൻ അവസരം നൽകുകയുമുണ്ടായി.
എല്ലാ ഘട്ടങ്ങളിലും വിവിധ മേഖലകളിലുള്ള വരുടെ അഭിപ്രായം കണക്കിലെടുത്താണ് പരിഷ്കരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്.
2024 ജൂണിൽ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസ്സുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ വിദ്യാലയങ്ങളിൽ എത്തിക്കാൻ കഴിയും. 2025 ജൂണിൽ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെയും പുതുക്കിയ പാഠപുസ്തകങ്ങൾ വിതരണം ചെയ്യും. ഈ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ചപ്പോൾ തന്നെ ഒരു കാര്യം വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചും രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ചേർത്തു പിടിച്ചും, യഥാർത്ഥ ചരിത്രം കുട്ടികളെ പഠിപ്പിക്കുന്നതും ശാസ്ത്ര ചിന്ത വളർത്തുന്നതുമായ ഒരു പാഠ്യപദ്ധതി പരിഷ്കരണമാണ് കേരളത്തിൽ നടക്കുക എന്നത്. അതിൽ ഒരു വിട്ടു വീഴ്ചയും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല. കേരളത്തിലെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം പൊതുവിദ്യാഭ്യാസ വകുപ്പ് നിർവ്വഹിച്ചു കൊണ്ടിരിക്കുകയാണ്.
ഇപ്പോൾ സാമൂഹ്യശാസ്ത്ര വിഷയങ്ങളെ സംബന്ധിച്ച് നിയോഗിച്ച എൻസിഇആർടി സമിതി നൽകിയ ശുപാർശകളെ തുടക്കത്തിൽ തന്നെ കേരളം തള്ളിക്കളയുകയാണ്. ഭരണഘടനയിൽ തന്നെ പറഞ്ഞ ഇന്ത്യ അഥവാ ഭാരതം എന്നത് എവിടെയും ഉപയോഗിക്കാൻ ഓരോ പൗരനും അവകാശമുണ്ട്. അതിൽ നിന്നും ഇനിയങ്ങോട്ട് ഭാരതം എന്നു മാത്രം പാഠപുസ്തകങ്ങളിൽ ഉപയോഗിച്ചാൽ മതി എന്ന് പറയുന്നത് ദുഷ്ടലാക്കോടെയാണ്, ഇത് സങ്കുചിത രാഷ്ട്രീയമാണ്. അത് കേരളത്തിന് അംഗീകരിക്കാൻ കഴിയില്ല. ഇത് മാത്രമല്ല ചരിത്ര വസ്തുതകളെ വക്രീകരിച്ച് അവതരിപ്പിക്കാനുള്ള ശ്രമങ്ങളെയും നമ്മൾ തള്ളിക്കളയുന്നു.
ദേശീയ തലത്തിൽ മുമ്പ് ഇത്തരമൊരു നീക്കം ഉണ്ടായപ്പോൾ തന്ന കേരളം അക്കാദമികമായി പ്രതികരിച്ചത് കണ്ടിട്ടുണ്ടാകും. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചരിത്രം, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ പാഠപുസ്തകങ്ങൾക്ക് അഡീഷണൽ പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ് കേരളം പ്രതികരിച്ചത്.
ഇന്ത്യയിൽ ഇത്തരത്തിൽ അക്കാദമികമായി പ്രതികരിച്ച ഏക സംസ്ഥാനമാണ് കേരളം. നമ്മൾ അംഗീകരിക്കുന്നില്ല എന്ന് പറയുക മാത്രമല്ല പ്രവൃത്തിയിലൂടെ തന്നെ മറുപടി നൽകിയിട്ടുമുണ്ട്. ഈ കാര്യത്തിലും ഇത്തരം നിലപാട് തന്നെയാണ് സംസ്ഥാനം സ്വീകരിക്കുക. ഒന്ന് മുതൽ പത്താം ക്ലാസ്സ് വരെ സംസ്ഥാനം എസ്സിഇആർടി വികസിപ്പിക്കുന്ന പാഠപുസ്തകങ്ങളാണ് ഉപയോഗിക്കുന്നത് എന്നിരിക്കെ ഇപ്പോൾ എൻസിഇആർടി കൈക്കൊണ്ട തീരുമാനം ഇവിടെ പ്രശ്നമുണ്ടാക്കില്ല.
മാത്രവുമല്ല വിദ്യാഭ്യാസം എന്നത് ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുള്ള വിഷയം ആയതു കൊണ്ടു തന്നെ സംസ്ഥാനത്തിന് സ്വന്തമായി തീരുമാനം എടുക്കാനും മുന്നോട്ടു പോകാനുമുള്ള അവകാശമുണ്ട്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിൽ നിലവിൽ കുറച്ച് പാഠപുസ്തകങ്ങൾ എൻസിഇആർടിയുടേതാണ് നാം ഉപയോഗിക്കുന്നത്. ആകെയുള്ള 124 പുസ്തകങ്ങളിൽ 44 എണ്ണം മാത്രമാണ് എൻസിഇആർടി പ്രസിദ്ധീകരിക്കുന്നവ.
പതിനൊന്നാം ക്ലാസ്സിൽ ആകെ 59 പാഠപുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്. അതിൽ 39 എണ്ണം എസ്സിഇആർടി തയ്യാറാക്കുന്നവയാണ്. 20 എണ്ണമാണ് എൻ.സി.ഇ.ആർ.ടി. യുടേതായി നാം ഉൾപ്പെടുത്തുന്നത്. പന്ത്രണ്ടാം ക്ലാസ്സിൽ 65 പാഠപുസ്തകങ്ങളിൽ 41 എണ്ണം എസ്.സി.ഇ.ആർ.ടി.യുടേതും 24 എണ്ണം എൻ.സി.ഇ.ആർ.ടി. യുടേതുമാണ്. 80 പാഠപുസ്തകങ്ങൾ സംസ്ഥാനം തന്നെയാണ് ഇപ്പോൾ വികസിപ്പിക്കുന്നത്. പതിനൊന്നാം ക്ലാസ്സിലെ 39 പാഠപുസ്തകങ്ങൾ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളും ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്.
ഭരണഘടനാ മൂല്യങ്ങൾക്ക് നിരക്കാത്തതും, ശാസ്ത്ര നിരാസമുള്ളതും യഥാർത്ഥ ചരിത്രത്തിന്റെ വളച്ചൊടിക്കലുമാണ് എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങളിലൂടെ കുട്ടികൾക്ക് നൽകാൻ ഉദ്ദേശിക്കുന്നത് എങ്കിൽ കേരളം അക്കാദമികമായി സംവാദങ്ങൾ ഉയർത്തി പ്രതിരോധിക്കുക തന്നെ ചെയ്യും. മാത്രവുമല്ല നിലവിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്ന 44 പാഠപുസ്തകങ്ങളും അക്കാദമിക താൽപര്യം മുൻനിർത്തി സംസ്ഥാനം തന്നെ തയ്യാറാക്കുന്ന പ്രവർത്തനം സംസ്ഥാന കരിക്കുലം കമ്മിറ്റി വിളിച്ചു ചേർത്ത് വിശദമായി ചർച്ച ചെയ്യും’ – മന്ത്രി പറഞ്ഞു.