ദേവഗൗഡയുടെതായി വന്ന പ്രസ്താവന അസംബന്ധമാണന്ന് വ്യക്തമായിട്ടും വീണ്ടും പ്രചരിപ്പിക്കുന്നത് ബോധപൂർവമാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബോധപൂർവമുണ്ടാക്കിയ വിവാദമാണത്. അസംബന്ധവും വസ്‌തുതാ വിരുദ്ധവുമാണന്ന് പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ദേവഗൗഡയും പറഞ്ഞു. എന്നിട്ടും മാധ്യമങ്ങൾ പറയുന്നു സിപിഎം അങ്കലാപ്പിലാണന്ന്. കോൺഗ്രസിൻ്റെ പിആർ ഏജൻസിയുടെ കള്ള പ്രചാരണം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയാണ്. പാലക്കാട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്ന് രണ്ട് ദിവസത്തേ ആയുസേ ഇതിനുണ്ടാകൂ. ജനങ്ങൾ ഇതൊന്നും വിശ്വസിക്കില്ല. ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുള്ള പാർട്ടിയാണ് സിപിഎം. ബിജെപിയാണ് മുഖ്യശത്രു. ദേവഗൗഡ ബിജെപിയുമായി സഖ്യമുണ്ടാക്കിയത് കേരള ഘടകം തള്ളിയിട്ടുണ്ട്. എൽഡിഎഫിൻ്റെ നിലപാടാണ് തങ്ങൾക്കുള്ളതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. ദേശീയ നേതൃത്വത്തെ അംഗീകരിക്കുന്നുണ്ടോ എന്ന് അവർ പറയും – എം വി ഗോവിന്ദൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദേവഗൗഡയുടെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞിരുന്നു. ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദേവഗൗഡ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ബിജെപിയുമായി സഖ്യം നടത്തിയത് എന്ന ദേവഗൗഡയുടെ വാദം കേരള രാഷ്ട്രീയത്തിൽ വളരെയധികം തെറ്റിദ്ധാരണകളുണ്ടാക്കാൻ സാധ്യതയുള്ള പ്രസ്‌താവനയാണ്. ആ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടുണ്ടായതോ പ്രായാധിക്യത്താൽ സംഭവിച്ചുപോയതോ ആണെന്നാണ് കരുതുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. കേരള മുഖ്യമന്ത്രിയോട് അനുമതി തേടുകയോ അദ്ദേഹം അനുമതി നൽകുകയോ ചെയ്യേണ്ട കാര്യമില്ല. ദേവഗൗഡയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടന്നിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിയുടെയും കേരളത്തിലെ പാർടിയുടെയും മന്ത്രി കൃഷ്‌ണൻ കുട്ടിയുടെയും പിന്തുണ സഖ്യത്തിനുണ്ടെന്ന പരാമർശം അടിസ്ഥാനരഹിതമാണ്. ജെഡിഎസ് കേരള ഘടകം അത് നിഷേധിക്കുന്നു- മാത്യു ടി തോമസ് പറഞ്ഞു.