തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവഗൗഡക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്കൊപ്പം പ്രവർത്തിക്കാനുള്ള ജെഡിഎസ് തീരുമാനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പൂർണ സമ്മതത്തോടെയെനന്നായിരുന്നു എച്ച് ഡി ദേവഗൗഡ മാധ്യമങ്ങളോട് പറഞ്ഞത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ്:
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണ്.
ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ച് കേരളത്തിൽ എൽഡിഎഫിന് ഒപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്ഥാന നേതൃത്വത്തിനുള്ളത്. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഐ എം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ല. മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ രീതിയല്ല. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്ട്രീയ മര്യാദയും. തങ്ങൾ ബിജെപിക്കെതിരാണെന്നും ദേവഗൗഡക്കൊപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരിക്കുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്താവന തെറ്റാണെന്ന് സംസ്ഥാന പ്രസിഡൻറ് മാത്യു ടി തോമസും മന്ത്രി കെ കൃഷ്ണൻകുട്ടിയും അസന്നിഗ്ദമായി വ്യക്തമാക്കിയിട്ടുമുണ്ട്.
ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത് ഇതാദ്യമല്ല. 2006 ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ്മ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർടിയുടെ പ്രത്യയശാസ്ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ഗൗഡ. ദേവഗൗഡയുടെ രാഷ്ട്രീയ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ട് ദേശീയ നേതാവ് സുരേന്ദ്രമോഹൻറെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസ്സിൻറേത് തരാതരം പോലെ ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കർണാടകയിലെ മാണ്ഡ്യയിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ചു നിന്ന് ചലച്ചിത്ര നടി സുമലതയെ വിജയിപ്പിച്ച കഥ ആരും മറന്നിട്ടില്ല. സുമലത ഇപ്പോൾ ബിജെപിക്കൊപ്പമാണ്.
ദേവഗൗഡയുടെ വാക്കുകേട്ട് “അവിഹിതബന്ധം” അന്വേഷിച്ച് നടന്ന് കോൺഗ്രസ്സ് സ്വയം അപഹാസ്യരാകരുത്. അതിൻറെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കിയവരും അതിൻറെ മറവിൽ ആനുകൂല്യം പറ്റിയവരും കോൺഗ്രസ്സിലുണ്ടാവും. അവരാണ് ഇപ്പോൾ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നത്.
അതേസമയം ദേവഗൗഡ നടത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ബിജെപിയുമായി സഖ്യം നടത്തിയത് എന്ന ദേവഗൗഡയുടെ വാദം കേരള രാഷ്ട്രീയത്തിൽ വളരെയധികം തെറ്റിദ്ധാരണകളുണ്ടാക്കാൻ സാധ്യതയുള്ള പ്രസ്താവനയാണ്.ആ പ്രസ്താവന തെറ്റിദ്ധാരണ കൊണ്ടുണ്ടായതോ പ്രായാധിക്യത്താൽ സംഭവിച്ചുപോയതോ ആണെന്നാണ് കരുതുന്നത്. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. കേരള മുഖ്യമന്ത്രിയോട് അനുമതി തേടുകയോ അദ്ദേഹം അനുമതി നൽകുകയോ ചെയ്യേണ്ട കാര്യമില്ല. ദേവഗൗഡയും മുഖ്യമന്ത്രിയുമായി എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടന്നിട്ട് വർഷങ്ങളായി. മുഖ്യമന്ത്രിയുടെയും കേരളത്തിലെ പാർടിയുടെയും മന്ത്രി കൃഷ്ണൻ കുട്ടിയുടെയും പിന്തുണ സഖ്യത്തിനുണ്ടെന്ന പരാമർശം അടിസ്ഥാനരഹിതമാണ്. ജെഡിഎസ് കേരള ഘടകം അത് നിഷേധിക്കുന്നു- മാത്യു ടി തോമസ് പറഞ്ഞു.