“സ്വയം അളക്കുന്ന കോൽ വെച്ച് സുജിത് നായർമാർ തന്നെ അളക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഡോ. ടി എം തോമസ് ഐസക്ക്. നവംബർ ഒന്നു മുതൽ നടക്കുന്ന കേരളീയത്തിനെതിരെ കുത്തിത്തിരിപ്പുമായി മനോരമ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച “കോർത്ത കണ്ണികൾ” ജനകീയാസൂത്രണ പദ്ധതിക്കെതിരെ പടനയിച്ച മനോരമയുടെ ഉടുക്കു വിദ്യകളുടെ ഭാഗമാണെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കിൽ കുറിച്ചു.
അന്നത്തെ ദുഷ്പ്രചാരണങ്ങൾ 25 വർഷം കഴിഞ്ഞ് നിയോലിബറലിസത്തിന്റെ കുഴലൂത്തുകാർ വീണ്ടും അവലോകനം ചെയ്യുന്നതിനു ചെറിയ ഉളുപ്പു പോര. എന്തിനാണ് സുജിത് നായർ ഇത്തരമൊരു വ്യാജവാർത്ത വീണ്ടും അവതരിപ്പിക്കുന്നത്? ഒരു പക്ഷേ, അദ്ദേഹം ചിന്തിക്കുക ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട ചെലവുകൾ എങ്ങിനെയാണ് നിറവേറ്റുന്നത് എന്നായിരിക്കും. ഇതുവരെ ഞാൻ പരസ്യമായി എഴുതിയിട്ടില്ലാത്ത ഒരു കാര്യം പരസ്യപ്പെടുത്തട്ടെ. എംഎൽഎ ആയപ്പോൾ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ നിന്നും രാജിവച്ചു. പിഎഫും ഗ്രാറ്റുവിറ്റിയുമായി കിട്ടിയ പണം മുഴുവൻ മാരാരിക്കുളത്ത് ഒരു അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിച്ചു. പ്രതിപക്ഷ എംഎൽഎ ആയിരിക്കുമ്പോഴും എൻ്റെ സെക്രട്ടറി ആയിരുന്ന വി.ജി. മനമോഹനാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്.
ഫേസ്ബുക്ക് കുറിപ്പ്.
“കേരളീയം പരിപാടിയുടെ 25 സെമിനാറുകളിൽ ഒന്നിൽ റിച്ചാർഡ് ഫ്രാങ്കിയും പങ്കെടുക്കുന്നുണ്ടത്രേ. നേരത്തെ റിപ്പോർട്ട് വന്നിരുന്നു. ഇന്നിപ്പോൾ മനോരമയിൽ എഡിറ്റ് പേജിൽ ലേഖനമായി. എനിക്ക് ഏറ്റവും കൗതുകകരമായി തോന്നിയത് മനോരമ പത്രത്തിന്റെ ഇപ്പോഴത്തെ നിഷ്പക്ഷ മധ്യസ്ഥ നാട്യം കണ്ടിട്ടാണ്. അങ്ങനെ അല്ല അന്ന് അരങ്ങ് കൊഴുത്തത്. മനോരമ അടക്കമുള്ള മാധ്യമങ്ങൾ പക്ഷംചേർന്നു ജനകീയാസൂത്രണത്തിനെതിരെ പടനയിക്കുകയായിരുന്നു.
അതിൽ പല ഉടുക്കുവിദ്യകൾ പ്രയോഗിച്ചതിൽ മനോരമയുടെ ഒരുവിദ്യ ഞാൻ ഒരിക്കലും മറക്കില്ല. റിച്ചാർഡ് ഫ്രാങ്കിയുടെ സൈറ്റിൽ യുഎസ് എയ്ഡിലേക്കുള്ള ലിങ്ക് ഉണ്ടെന്ന് എഴുതിയിട്ട് ബ്രാക്കറ്റിൽ ബന്ധമെന്നു വിശദീകരിച്ച പത്രമാണത്. വിദേശ ധനസഹായ പദ്ധതികളെക്കുറിച്ച് വിമർശനകരമായ ഒരു കോഴ്സ് ഫ്രാങ്കി പഠിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ സൗകര്യത്തിനുവേണ്ടി പ്രമുഖ ഔദ്യോഗിക ധനസഹായ ഏജൻസികളുടെ ലിങ്ക് സൈറ്റിൽ കൊടുത്തിരുന്നു. അതാണു ബന്ധുത്വമായി സ്ഥാപിച്ചത്.
ഈ ദുഷ്പ്രചാരണങ്ങളെല്ലാം 25 വർഷം കഴിഞ്ഞ് നിയോലിബറലിസത്തിന്റെ കുഴലൂത്തുകാർ വീണ്ടും അവലോകനം ചെയ്യുന്നതിനു ചെറിയ ഉളുപ്പു പോരാ. അന്നുയർന്ന എല്ലാ വിമർശനങ്ങൾക്കും വിശദമായ മറുപടി ഡിസി ബുക്സ് 2005-ൽ പ്രസിദ്ധീകരിച്ച “ജനകീയാസൂത്രണത്തിന്റെ രാഷ്ട്രീയം” എന്ന ഗ്രന്ഥത്തിലുണ്ട്. ഇത് മൂന്നുതവണ റീപ്രിന്റ് ചെയ്തിട്ടുമുണ്ട്. അതിൽ കൂടുതലൊന്നും എനിക്കു പറയാനില്ല.
പക്ഷേ, ഇന്ന് സുജിത് നായർ എഴുതിയ ലേഖനത്തിൽ നട്ടാൽ കുരുക്കാത്ത ഒരു നുണയുണ്ട്. അത് ഇങ്ങനെ: “ഐസകിന്റെ മാരാരിക്കുളത്ത് ഫ്രാങ്കി വഴി എത്തിയ വിദേശഫണ്ടിനെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സെക്രട്ടറിയേറ്റംഗം സുകുമോൾ സെന്നിനെ നിയോഗിച്ചു. മൂന്നു പിശകുകൾ സെൻ കണ്ടെത്തി. ഒന്ന്, വിദേശസഹായം തേടുന്ന വിവരം പാർടിയെ അറിയിച്ചില്ല. രണ്ട്, സഹായം ലഭിച്ചശേഷവും പാർടിയെ അറിയിച്ചില്ല. മൂന്ന്, അന്വേഷണ കമ്മീഷന്റെ മുമ്പാകെ കൃത്യമായ വിവരങ്ങൾ നൽകിയില്ല.”
മാരാരിക്കുളം പദ്ധതിയിൽ വിദേശഫണ്ട് ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ സുകുമോൾ സെന്നിനെ പോളിറ്റ്ബ്യൂറോ നിയോഗിച്ചു എന്നതു മാത്രമാണ് പത്രവാർത്തയിലെ ശരി. ഇതാണു ഞങ്ങളുടെ പാർടി. എത്ര വലിയ ആളായാലും ആക്ഷേപം ഉണ്ടെങ്കിൽ പാർടി അന്വേഷിക്കും. തെറ്റുണ്ടെങ്കിൽ നടപടിയെടുക്കും.
സുകുമോൾ സെന്നിന്റെ കണ്ടെത്തിലായി സുജിത് നായർ പറഞ്ഞിരിക്കുന്ന മൂന്നും സുജിത്തിന്റെ വ്യാജവാർത്തയാണ്. അങ്ങനെയൊരു നിഗമനത്തിലും ഈ കമ്മീഷൻ എത്തിയിരുന്നില്ല. എത്തിയിരുന്നെങ്കിൽ സംശയമൊന്നും വേണ്ട അച്ചടക്ക നടപടി ഉണ്ടാകുമായിരുന്നു.
സുകുമോൾ സെൻ കമ്മീഷൻ കണ്ടെത്തിയത് ഇതാണ്: “മാരാരിക്കുളം വികസന പദ്ധതി കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ അവിടുത്തെ പഞ്ചായത്തുകൾ നടപ്പാക്കുന്ന സ്പെഷ്യൽ എസ്.ജി.എസ്.വൈ പ്രൊജക്ടാണ്. ഇതിന്റെ ധനവിനിയോഗവും കണക്ക് സൂക്ഷിക്കലുമെല്ലാം തദ്ദേശഭരണ സ്ഥാപനങ്ങളാണു നടത്തുന്നത്. ഗ്രാമവികസന വകുപ്പിന്റെ മേൽനോട്ടത്തിലാണു പദ്ധതി. ഒരു വിദേശഫണ്ടും ഇല്ല.”
എന്തിനാണ് സുജിത് നായർ ഇത്തരമൊരു വ്യാജവാർത്ത വീണ്ടും അവതരിപ്പിക്കുന്നത്? ഒരു പക്ഷേ, അദ്ദേഹം ചിന്തിക്കുക ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് ഒട്ടേറെ സന്നദ്ധപ്രവർത്തകർ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നും അവിടെവന്നു പ്രവർത്തിക്കാറുണ്ടായിരുന്നു. ഇതിനെല്ലാമുള്ള പണം എവിടെ നിന്നാണ് എന്നായിരിക്കും? ഇതുവരെ ഞാൻ പരസ്യമായി എഴുതിയിട്ടില്ലാത്ത ഒരു കാര്യം പരസ്യപ്പെടുത്തട്ടെ. എംഎൽഎ ആയപ്പോൾ സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ നിന്നും രാജിവച്ചു. പിഎഫും ഗ്രാറ്റുവിറ്റിയുമായി കിട്ടിയ പണം മുഴുവൻ മാരാരിക്കുളത്ത് ഒരു അക്കൗണ്ട് തുടങ്ങി അതിൽ നിക്ഷേപിച്ചു. പ്രതിപക്ഷ എംഎൽഎ ആയിരിക്കുമ്പോഴും എന്റെ സെക്രട്ടറി ആയിരുന്ന വി.ജി. മനമോഹനാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത്. ഇങ്ങനെ സ്വന്തം പണം പൊതുപ്രവർത്തനത്തിന് ഉപയോഗിക്കുന്നത് അപൂർവ്വമായിരിക്കാം. ഏതായാലും സുകുമോൾ സെന്നും ഈ അക്കൗണ്ട് പരിശോധിച്ചിട്ടുണ്ട്. സുജിത് നായർമാരോട് എനിക്കു പറയാനുള്ളത് ഇതാണ് – നിങ്ങൾ സ്വയം അളക്കുന്ന കോൽവച്ച് എന്നെ അളക്കണ്ട.
വാൽക്കഷണം:- ഫ്രാങ്കിയും ഞാനുംകൂടി എഴുതിയ പുതിയ പുസ്തകം ഏതാനും മാസങ്ങൾക്കുള്ളിൽ ന്യുയോർക്കിലെ മന്ത്ലി റിവ്യു പ്രസ് എന്ന പ്രസിദ്ധീകരണശാല പുറത്തിറക്കുന്നുണ്ട്. പുസ്തകത്തിന്റെ പേര് – “CIA and Toppling of the First Communist Ministry in Kerala”. ഇതിലെ ഒരു പ്രധാന വിശകലന വിഷയം എങ്ങനെ കേരളത്തിലെ മാധ്യമങ്ങളെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഹാലിളക്കം സൃഷ്ടിക്കുന്നതിനു സിഐഎ ഉപയോഗപ്പെടുത്തി എന്നുള്ളതാണ്. “