തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ എത്തുമ്പോൾ ആ സ്വപ്നത്തിനൊപ്പമാണ് ഇടതുപക്ഷവും സിപിഎമ്മും എക്കാലവും നിലയുറപ്പിച്ചിരുന്നത്. സിപിഎം പ്രതിപക്ഷത്തിരുന്നപ്പോൾ വിഴിഞ്ഞം തുറമുഖത്തെ എതിർത്തു എന്നും, ഭരണത്തിൽ വന്നപ്പോൾ ഉത്സാഹം കാണിക്കുന്നു എന്നുമാണ് കോൺഗ്രസ് ആക്ഷേപം. ഭരണത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്തായപ്പോഴും വിഴിഞ്ഞത്തിനൊപ്പം നിന്നത് എൽ ഡി എഫ് സർക്കാരും സിപിഎമ്മുമാണ്. യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് വിഴിഞ്ഞം തുറമുഖം എന്നതിനപ്പുറം കമ്മീഷനും കോഴയുമായിരുന്നു ലക്ഷ്യം. സംസ്ഥാനത്തിന് അതിഭീമമായ നഷ്ടം വരുത്തി ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന വ്യവസ്ഥകളെയാണ് എൽഡിഎഫ് എതിർത്തത്. ആ എതിർപ്പുമൂലം യുഡിഎഫിൻ്റെ അഴിമതി സ്വപ്നം പൊലിയുകയും ചെയ്തു.
വിഴിഞ്ഞം പദ്ധതിയുടെ നാൾവഴി പരിശോധിക്കുമ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമാകും:
2006 സെപ്തംബർ 18 – വി എസ് അച്യുതാനൻ്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ വിഴിഞ്ഞം പദ്ധതിക്ക് അനുമതി നേടിയെടുക്കാൻ ശ്രമിക്കുമെന്ന് തുറമുഖ മന്ത്രി എം വിജയകുമാർ.
– 2009 നവംബർ 13 ന് വി എസ് അച്യുതാനന്ദൻ സർക്കാർ വിഴിഞ്ഞം പദ്ധതി പഠനത്തിനായി IFC യെ നിയമിക്കുന്നു.
23 – 10 – 2012 – ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ഉള്ള പ്രക്ഷോഭം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.
3 – 4 – 2013 – വിഴിഞ്ഞം പദ്ധതി അട്ടിമറിക്കുന്നതിനെതിരെ എൽഡിഎഫ് പ്രക്ഷോഭം ഡോ. ടി എം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യുന്നു.
19 – 4 – 2013 – വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് മനുഷ്യചങ്ങല.
എൽഡിഎഫ് കനത്ത പ്രക്ഷോഭം ഉയർത്തിയതോടെ 2009 ൽ വി എസ് സർക്കാർ IFC യെ പഠനത്തിന് ചുമതലപ്പെടുത്തിയ പദ്ധതി 6 വർഷം അടയിരുന്ന ശേഷം ധൃതിപ്പെട്ട് 2015 പകുതിയോടെ ടെൻഡർ വിളിച്ച് അദാനിയെ ഏൽപ്പിക്കുന്നു. 2016 ജനുവരി ഒന്ന് – അദാനിയുമായുള്ള കരാറിൽ അഴിമതി ഉണ്ട്, പക്ഷെ തങ്ങൾ അധികാരത്തിൽ വന്നാലും കരാറിൽ നിന്നു മാറില്ല കാരണം പദ്ധതി വൈകുന്നത് സംസ്ഥാനത്തിന് ഗുണകരമല്ല എന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പ്രഖ്യാപിക്കുന്നു.
ഉമ്മൻ ചാണ്ടി തറക്കല്ലിട്ടെങ്കിലും 100 ശതമാനം പ്രവൃത്തിയും നടന്നത് പിണറായി വിജയൻ മുഖ്യമന്ത്രിയായ എൽഡിഎഫ് കാലത്ത്.
-വിഴിഞ്ഞത്തിനെതിരെ തൽപര കക്ഷികൾ പിണറായി വിജയൻ സർക്കാരിനെതിരെ സമരത്തിനിറങ്ങിയപ്പോൾ നിർമാണം മുടക്കുന്ന സമീപനമാണ് കോൺഗ്രസ് എടുത്തത്. വിഴിഞ്ഞം സമരം ആളി പടരും എന്നായിരുന്നു വി ഡി സതീശൻ്റെ പ്രഖ്യാപനം.
-ചിലർ അട്ടിമറി ലക്ഷ്യത്തോടെ സമരം തുടർന്നപ്പോൾ തുറമുഖത്തിനായി ബദൽ സമരവുമായി സിപിഎം രംഗത്തെത്തി.
-വിഴിഞ്ഞം തുറമുഖ നിർമ്മാണം ഒരു കാരണവശാലും നിർത്തി വയ്ക്കില്ലെന്ന് 2017 ലും 2022 ലും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
-വിഴിഞ്ഞത്ത് ഒക്ടോബർ 15 ന് ആദ്യ കപ്പൽ ഷെൻഹുവ നങ്കൂരമിടുന്നു. വി എസ് സർക്കാരും അന്ന് തുറമുഖ മന്ത്രി ആരുന്ന എം വിജയകുമാറുമാണ് വിഴിഞ്ഞം പദ്ധതിക്ക് ജീവൻ പകർന്ന് ടെൻഡർ ചെയ്തത്. എന്നാൽ കരാർ ലഭിച്ച zoom developers എന്ന കമ്പനിയുടെ പ്രധാന ഷെയർ ഹോൾഡർ ചൈനീസ് കമ്പനി ആണെന്ന കാരണം പറഞ്ഞ് കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ അനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. കൊച്ചി മെട്രോക്ക് കേന്ദ്ര ഭരണം ഉപയോഗിച്ച് അനുമതി വൈകിപ്പിച്ചതും ഇതേ കാലത്താണ്.
2011 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നപ്പോൾ അതിവേഗം ബഹുദൂരം എന്നൊക്കെയായിരുന്നു മുദ്രാവാക്യം. എന്നാൽ അഴിമതിയ്ക്ക് മാത്രമായിരുന്നു വേഗത. അതിൻ്റെ ഉത്തമ ഉദാഹരണമാണ് വിഴിഞ്ഞം പദ്ധതി. 2011 ൽ അധികാരത്തിൽ വന്ന യുഡിഎഫ് സർക്കാർ പദ്ധതി റീടെൻഡർ ചെയ്തു കരാറിൽ ഏർപ്പെടാൻ 2015 ഓഗസ്റ്റ് വരെ സമയം എടുത്തു. അന്ന് കേന്ദ്ര മന്ത്രിയായിരുന്ന എകെ ആന്റണിക്ക് പോലും യുഡിഎഫിൻ്റെ കാലത്ത് കേരളത്തിലേക്ക് വികസന പദ്ധതി അനുവദിക്കാൻ ധൈര്യമില്ല എന്ന് പരസ്യമായി പറയേണ്ടി വന്നതും അക്കാലത്താണ്.
ഇക്കാലയളവിൽ വിഴിഞ്ഞം തുറമുഖത്തിനായി ഏറ്റവും ശക്തമായ ശബ്ദം ഉയർത്തിയിരുന്നത് ഇടതുപക്ഷമായിരുന്നു.
തിരുവനന്തപുരം ജില്ല സാക്ഷ്യം വഹിച്ചതിൽ വെച്ച് ഏറ്റവും ദൈർഘ്യമേറിയ രാഷ്ട്രീയ സമരം വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടത്തിയ സമരമാണ്. 212 ദിവസം നീണ്ടു നിന്ന ആ സമരം പിണറായി വിജയൻ ആണ് ഉദ്ഘാടനം ചെയ്തത്. ഓണത്തിനും ക്രിസ്മസിനും പെരുന്നാളിനും എല്ലാം പ സിപിഎം പ്രവർത്തകർ സമരപന്തലിൽ തുറമുഖത്തിനായി സത്യഗ്രഹമിരുന്നു. ഓരോ ദിവസവും പാർട്ടിയുടെ ഓരോ ലോക്കൽകമ്മിറ്റികൾക്ക് ചുമതല നൽകി സംഘടിപ്പിച്ച ഉജ്ജ്വല സമരം. അന്ന് കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു സിപിഎമ്മിൻ്റെ ജില്ലാ സെക്രട്ടറി.
തെരുവുകളിൽ മാത്രമല്ല നിയമസഭക്ക് ഉള്ളിലും എൽഡിഎഫ് വിഴിഞ്ഞം തുറമുഖത്തിനായി ശബ്ദമുയർത്തി.
2014 ജനുവരി 8 ന് പ്രതിപക്ഷ നേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. ആ ശ്രദ്ധ ക്ഷണിക്കൽ പ്രമേയം പ്രമേയം അവസാനിക്കുന്നത് “വിഴിഞ്ഞം പോർട്ടിൻ്റെ പ്രവർത്തനം ആരംഭിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടൽ ഗവണ്മെന്റിൻ്റെ ഭാഗത്ത് നിന്നുണ്ടാകണം” എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ്.
2.2014 ഫെബ്രുവരി 3 ന് എൽഡിഎഫ് എംഎൽഎമാരായ ജമീല പ്രകാശം, വി ശിവൻകുട്ടി, കോവൂർ കുഞ്ഞുമോൻ, എ കെ ശശീന്ദ്രൻ എന്നിവർ ചേർന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചു. വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് വിഴിഞ്ഞം മദർ പോർട്ട് ആക്ഷൻ കൗൺസിൽ നടത്തിയ നിരാഹാര സമരം നാല് ദിവസം പിന്നിട്ടപ്പോഴാണ അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പ്രമേയം അവതരിപ്പിക്കുന്നതിനു മുമ്പുതന്നെ അന്നത്തെ തുറമുഖ വകുപ്പ് മന്ത്രി കെ ബാബു പറഞ്ഞത് “ജനങ്ങൾക്ക് ഇതിൽ ആശങ്കയുള്ളതായി കാണുന്നില്ല. ഇതിനെക്കാൾ പ്രാധാന്യമുള്ള തെരുവ് നായ്ക്കളുടെ ശല്യം ചർച്ച ചെയ്യാം” എന്നാണ്. ഈ മറുപടിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ഒടുവിൽ അദാനി ഗ്രൂപ്പുമായി യുഡിഎഫ് സർക്കാർ കരാറിൽ ഏർപ്പെട്ടു. ആ കരാറിലെ പല വ്യവസ്ഥകളോടും എൽഡിഎഫിന് വിയോജിപ്പ് ഉണ്ടായിരുന്നു. അതിലെ പല വ്യവസ്ഥകളും സംസ്ഥാന താൽപര്യത്തിനു യോജിക്കുന്നത് ആയിരുന്നില്ല. വിഴിഞ്ഞം പദ്ധതിയുടെ ഭാവിയും പ്രാധാന്യവും മുന്നിൽ കണ്ടു കൊണ്ടാണ് വിഴിഞ്ഞം തുറമുഖ കരാറിനോട് വിയോജിപ്പുകൾ ഉണ്ടെങ്കിലും ആ പദ്ധതിയുമായി മുന്നോട്ടു പോകുവാൻ എൽഡിഎഫ് സർക്കാർ തയ്യാറാവുന്നത്.
പിണറായി വിജയൻ മുഖ്യമന്ത്രി ആവുന്നതിനു മുമ്പ്, 2016 ജനുവരി 1 നു കോടിയേരി ബാലകൃഷ്ണനും തോമസ് ഐസക്കിനുമൊപ്പം വാർത്താസമ്മേളനം നടത്തി. അന്നദ്ദേഹം പറഞ്ഞത് “ചില വികസന വിരുദ്ധരായിട്ടുള്ള ആളുകൾ നമുക്കിടയിലുണ്ട്. എല്ലാ കാര്യങ്ങളെയും എതിർക്കാൻ തയ്യാറാവുന്നവർ. യഥാർത്ഥത്തിൽ അവരാണ് സാമൂഹ്യ വിരുദ്ധർ. വികസന വിരുദ്ധ നിലപാട് ഒരുകാലത്തും പാർട്ടി സ്വീകരിച്ചിരുന്നില്ല. വികസന വിരുദ്ധരെ ഞങ്ങളുടെ കൂട്ടത്തിൽ ആരും പിന്തുണക്കുകയില്ല” എന്നാണ്.
പ്രതിപക്ഷത്ത് ഉണ്ടായിരുന്നപ്പോൾ എൽഡിഎഫ് നിലപാട് ഇതായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് ഇടങ്കോലിടാൻ പ്രതിപക്ഷത്ത് ഇരുന്നപ്പോഴും ശ്രമിച്ചില്ല. വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ വേണ്ടിയാണ് എൽഡിഎഫ് സമര രംഗത്തിറങ്ങിയത്. കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങൾക്ക് അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ലഭ്യമാക്കുന്നതിനു വേണ്ടി എൽഡിഎഫ് സമരം നടത്തിയിട്ടുണ്ട്. അപ്പോഴും പദ്ധതികൾക്കെതിരെ സമരം ചെയ്തിരുന്നില്ല.