കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കായിക മേഖലയിൽ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള പ്രോത്സാഹനവും പിന്തുണയും സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും അക്കാര്യത്തിൽ പിറകോട്ട് പോയിട്ടില്ല. കേരളത്തിലെ കായിക രംഗത്തിന് കരുത്താകുന്ന രീതിയിൽ അവരുടെ സംഭാവനകളെ മാറ്റിയെടുക്കുക എന്നതാണ് സർക്കാർ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ചൈനയിൽ നടന്ന ഏഷ്യൻ ഗെയിംസ് അത് ലറ്റിക്സിൽ അടക്കം മലയാളി താരങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കേരള താരങ്ങൾ നേടിയ 9 മെഡലുകൾ വളരെ വിലപ്പെട്ടതാണ്. തിരുവനന്തപുരം എൽ എൻ സി പി ഇയിൽ ആണ് ഏഷ്യൻ ഗെയിംസിനുള്ള അത്ലറ്റിക്സ് ടീം പരിശീലനം നടത്തിയത്. ഒളിമ്പിക്സിൽ പങ്കെടുത്ത മുഴുവൻ മലയാളികൾക്കും ടീമംഗങ്ങൾക്കും സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം നൽകി.
ഏഷ്യൻ ഗെയിംസിൽ ഹോക്കിയിൽ സ്വർണം നേടിയ ടീമിലെ മലയാളിതാരം പി ആർ ശ്രീജേഷിന് ഒളിമ്പിക്സ് മെഡൽ നേടിയ വേളയിൽ 2 കോടി രൂപയും ജോലിയിൽ സ്ഥാനക്കയറ്റവും നൽകിയിരുന്നു. കായികവകുപ്പിന് കീഴിലെ ജി വി രാജ സ്പോട്സ് സ്കൂളിലൂടെയാണ് ശ്രീജേഷ് ഹോക്കിയിൽ മികച്ച ഗോൾകീപ്പറായി മാറിയത്.
കായിക മത്സരങ്ങളിൽ മെഡൽ നേടിയവർക്ക് സംസ്ഥാന സർക്കാർ കൃതമായ പാരിതോഷികം നൽകി വരാറുണ്ട്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിൽ പാതിതോഷികം നൽകിയിരുന്നു. 2022 കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയ താരങ്ങൾക്ക് 20 ലക്ഷം, 10 ലക്ഷം എന്ന ക്രമത്തിലും സമ്മാനിച്ചിരുന്നു. ഒപ്പം ചെസ് ഒളിമ്പ്യാഡിൽ നേട്ടം കൈവരിച്ച നിഹാൽ സരിന് 10 ലക്ഷവും എസ് എൽ നാരായണന് 5 ലക്ഷവും സമ്മാനിച്ചു. 2022 ൽ തോമസ് കപ്പ് ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ നേട്ടം കൊയ്ത അവസരത്തിൽ എച്ച് എസ് പ്രണോയ്, എം ആർ അർജുൻ എന്നീ താരങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകി. ജി വി രാജ പുരസ്കാരത്തിനും പ്രണോയിയെ തെരഞ്ഞെടുത്തിരുന്നു.
പാരിതോഷികം നൽകുന്നതിനു പുറമെ, കായികതാരങ്ങൾക്ക് മികച്ച പരിശീലനത്തിനും മറ്റുമായി കഴിഞ്ഞ രണ്ടര വർഷത്തിനിടെ 40 ലക്ഷം രൂപയോളം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിൻ്റെ പരിശീലനാവശ്യങ്ങൾക്ക് സ്പോട്സ് കൗൺസിൽ 5 കോടി രൂപ അനുവദിച്ചിരുന്നു. ഇത്തവണ ദേശീയ ഗെയിംസിന് ഗോവയിലേക്ക് പോകുന്ന താരങ്ങളുടെ പരിശീലനത്തിനായി 4.27 കോടി ആദ്യഗഡുവായി അനുവദിച്ചു.
കായികതാരങ്ങൾക്ക് ജോലി നൽകുന്ന കാര്യത്തിൽ സർവ്വകാല റെക്കോഡിട്ട സർക്കാരാണിത്. കഴിഞ്ഞ 7 വർഷത്തിനിടെ 676 താരങ്ങൾക്ക് സ്പോർട്സ് ക്വാട്ടയിൽ സംസ്ഥാന സർക്കാർ നിയമനം നൽകി. സ്പോർട്സ് ക്വാട്ട നിയമനത്തിനുള്ള 2010-14 റാങ്ക് ലിസ്റ്റിൽ നിന്നും 65 പേർക്ക് കൂടി നിയമനം നൽകിയിട്ടുണ്ട്. പോലീസിൽ സ്പോർട്സ് ക്വാട്ടയിൽ 31 പേർക്കും നിയമനം നൽകി. 2015-19 കാലയളവിലെ സ്പോർട്സ് ക്വാട്ട നിയമന നടപടികൾ പുരോഗമിച്ചു വരികയാണ്. സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയായി. ഈ വർഷം തന്നെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 5 വർഷത്തെ റാങ്ക് ലിസ്റ്റിൽ 249 പേർക്കാണ് നിയമനം ലഭിക്കുക. പ്രത്യേക പരിഗണനയിൽ ഫുട്ബോൾ താരം സി കെ വിനീതിന് നേരത്തേ ജോലി നൽകിയിരുന്നു. കെ എസ് ഇ ബിയിലും സ്പോർട്സ് ക്വാട്ട നിയമനം നടക്കും.
2010-14ലെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള സ്പോർട്സ്ക്വാട്ട നിയമനം യു ഡി എഫ് സർക്കാരിൻ്റെ കാലത്ത് മുടങ്ങിക്കിടന്നതാണ്. തുടർന്നു വന്ന എൽ ഡി എഫ് ഗവൺമെൻറാണ് നിയമന നടപടി ആരംഭിച്ചത്. 2019 ഫെബ്രുവരി 8ന് 409 പേർ ഉൾപ്പെടുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ഒഴിവുള്ള 250 തസ്തികകളിൽ നിയമനം നടത്തുകയും ചെയ്തു. അതേസമയം 110 പേർക്ക് മാത്രമാണ് യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് നിയമനം നൽകിയത്.
മറ്റു സംസ്ഥാനങ്ങളിലൊന്നും സ്പോർട്സ് ക്വാട്ട നിയമനമില്ല. കേരളത്തിൽ വർഷം തോറും 50 പേർക്ക് വീതം സ്പോർട്സ് ക്വാട്ടയിൽ നിർബന്ധമായും നിയമനം നൽകി വരുന്നു. 2015 ൽ കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ മെഡൽ നേടിയ മുഴുവൻ താരങ്ങൾക്കും സന്തോഷ് ട്രോഫി ജേതാക്കളായ കേരളാ ടീമിലെ മുഴുവൻ പേർക്കും നിയമനം നൽകി. ഇത്തരത്തിൽ കായിക താരങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവുമാണ് സർക്കാർ നൽകി വരുന്നത്. തുടർന്നും അതുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.