കോൺഗ്രസ് മണ്ഡലം കമ്മറ്റി പുനഃസംഘടനയെ ചൊല്ലി ഏറ്റുമുട്ടൽ രൂക്ഷമായതോടെ പല ജില്ലകളിലും പ്രഖ്യാപനം മാറ്റി. വി ഡി സതീശനും ഡിസിസി പ്രസിഡന്റും നേതൃത്വം നൽകുന്ന ഗ്രൂപ്പുമായി പരമ്പരാഗത ഐ, എ ഗ്രൂപ്പുകൾക്കുള്ള കടുത്ത അഭിപ്രായവ്യത്യാസത്തെ തുടർന്ന് എറണാകുളം ജില്ലയിൽ ചർച്ച വഴിമുട്ടി.
18ന് നടക്കുന്ന യുഡിഎഫ് സമരത്തിനുശേഷംമതി ചർച്ചയെന്ന തീരുമാനത്തിലാണ് പ്രതിപക്ഷനേതാവ്. ഇതേത്തുടർന്ന്, തർക്കം രൂക്ഷമായ കോട്ടയം, ഇടുക്കി ജില്ലകളെപ്പോലെ എറണാകുളത്തിൻ്റെയും ഭാഗിക പട്ടികപോലും പ്രസിദ്ധീകരിക്കാൻ കെപിസിസിക്ക് കഴിഞ്ഞില്ല. തങ്ങളുടെ ക്വോട്ടയിലുള്ള മണ്ഡലം പ്രസിഡന്റുസ്ഥാനങ്ങൾ അധികവും സതീശനും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും നേതൃത്വം നൽകുന്ന ഗ്രൂപ്പ് കൈയടക്കിയതാണ് ഐ, എ ഗ്രൂപ്പുകളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാക്കിയത്. സമവായമെന്ന പേരിൽ എയുടെയും ഐയുടെയും നേതാക്കളെ മാറ്റി സതീശനോട് കൂറുപുലർത്തുന്നവരെ നിയമിക്കുക എന്ന തന്ത്രമാണ് ബ്ലോക്ക് പ്രസിഡന്റ് നാമനിർദേശത്തിൽ സ്വീകരിച്ചത്.
തൃക്കാക്കര, വൈറ്റില ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ എ ഗ്രൂപ്പിനുവേണ്ടി ഉമ തോമസ് എംഎൽഎ എതിർപ്പ് പ്രകടിപ്പിച്ചിട്ടുപോലും സതീശൻ വിട്ടുവീഴ്‌ച ചെയ്‌തില്ല. ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിൽ നേരിട്ട ചതി, മണ്ഡലം പ്രസിഡന്റ് കാര്യത്തിലും ഉണ്ടാകുമെന്ന് ഉറപ്പായതോടെയാണ് ചർച്ചയിൽ ഗ്രൂപ്പുകൾ കടുത്ത നിലപാട് സ്വീകരിക്കുന്നത്.