മലപ്പുറം: മലപ്പുറം കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്റർ പ്രചരണം. ഡിസിസി പ്രസിഡന്റ് വി എസ് ജോയിക്കും എ പി അനിൽകുമാർ എംഎൽഎ എന്നിവർക്കെതിരെയാണ് പോസ്റ്റർ. കച്ചവട രാഷ്ട്രീയം അവസാനിപ്പിക്കണം. പാർട്ടിയെ നയിക്കാൻ അറിയില്ലെങ്കിൽ രാജി വെച്ചൊഴിയണമെന്നുമാണ് പോസ്റ്ററിലുള്ളത്. സേവ് കോൺഗ്രസ് മലപ്പുറം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. മണ്ഡലം പ്രസിഡന്റ്റുമാരുടെ നിയമനത്തിൽ എ ഗ്രുപ്പിനെ അവഗണിച്ചതായി പരാതി ഉയർന്നിരുന്നു. ഇന്നലെ എ ഗ്രൂപ്പ് രഹസ്യ യോഗം ചേർന്നതിന് പിന്നാലെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.
മഞ്ചേരിയിൽ കെ പി സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിൻ്റെ നേതൃത്വത്തിലാണ് എ ഗ്രൂപ്പ് നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യ യോഗം ചേർന്നത്. കെ പി സി സി മുൻ സെക്രട്ടറി വി എ കരീം, കെ പി സി സി അംഗം വി സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് റിയാസ് മുക്കോളി തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം പ്രസിഡൻറുമാരുടെ നിയമനത്തിൽ ഗ്രൂപ്പിനെ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാ ക്കാൻ യോഗത്തിൽ ധാരണയായിരുന്നു. ഡി സി സി നേതൃത്വത്തിനെതിരെ കെ പി സി സി ക്ക് പരാതി നൽകും. പരാതി പരിഹരിച്ചില്ലെങ്കിൽ പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വെക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ തീരുമാനം.