സ്പൈസസ് ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതിയായ യുവമോർച്ച റാന്നി നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് സി ആർ ഒളിവിൽ. ആരോഗ്യ വകുപ്പിലെ നിയമനത്തട്ടിപ്പ് കേസിൽ മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശി അഖിൽ സജീവിൻ്റെ കൂട്ടാളിയായ യുവമോർച്ച നേതാവ് രാജേഷ് റാന്നി സ്വദേശിയാണ്. ഓമല്ലൂർ സ്വദേശിയിൽ നിന്ന് 4,39,340 രൂപ വാങ്ങി വഞ്ചിച്ചുവെന്ന കേസിലും ഇയാൾ പ്രതിയാണ്. രാജേഷിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
നിയമനത്തട്ടിപ്പ് നടത്തിയത് കോഴിക്കോട്ടെ നാലംഗ സംഘമെന്നാണ് അഖിൽ സജീവിൻ്റെ മൊഴി. തിരുവനന്തപുരത്തെ ആൾമാറാട്ടത്തിന് പിന്നിലും ഇതേ സംഘമെന്നാണ് അഖിൽ പോലീസിനോട് പറഞ്ഞത്. തിരുവന്തപുരം കന്റോൺമെന്റ് പോലീസും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും വെള്ളി രാത്രിയും അഖിലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരം വെളിച്ചത്തായത്. എഐവൈഎഫ് നേതാവായിരുന്ന അഡ്വ.ബാസിത്, അഡ്വ. റഹീസ്, അഡ്വ. ലെനിൻ രാജ്, അനുരൂപ് എന്നിവരാണ് കോഴിക്കോട്ടെ നാലംഗ സംഘമെന്നും അഖിൽ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഇവർ തട്ടിപ്പ് നടത്തി. സ്പൈസസ് ബോർഡിലെ നിയമനത്തിന് പണം അഖിൽ സജീവ് നൽകിയത് യുവമോർച്ച നേതാവ് രാജേഷിൻ്റെ അക്കൗണ്ടിലേക്കാണ്. അഖിൽ സജീവിനെ നാളെ രാവിലെ കോടതിയിൽ ഹാജരാക്കും.