തിരുവനന്തപുരം: തൊഴിലാളി വര്‍ഗ മുന്നേറ്റത്തിനായി എക്കാലവും ഉയര്‍ന്ന കരുത്തുറ്റ ശബ്ദമുയർത്തിയ ജനനേതാവായിരുന്നു ആനത്തലവട്ടം ആനന്ദനെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞു. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉള്‍ക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളുമാണ് ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെട്ടുത്തിയതെന്നും എം വി ഗോവിന്ദന് അനുസ്മരിച്ചു.
ഒരണ കൂടുതല്‍ കൂലിക്കുവേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് സഖാവ് രാഷ്ട്രീയ പ്രവര്‍ത്തന രംഗത്തെത്തുന്നത്. പിന്നീട് എണ്ണമറ്റ തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്കിയ സഖാവ് പലവട്ടം ജയില്‍വാസവുമനുഭവിച്ചു. പാവപ്പെട്ടവരുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനും വേണ്ടിയുള്ള സമര്‍പ്പിത ജീവിതമായിരുന്നു സഖാവിന്റെത്. ജനപ്രതിനിധിയെന്ന നിലയില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞതും സാധാരണ മനുഷ്യരോടുള്ള അചഞ്ചലമായ കൂറാണ്.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുവാന്‍ സഖാവ് ആനത്തലവട്ടം അവസാനശ്വാസം വരെ നിലകൊണ്ടു എന്നതാണ് അദ്ദേഹത്തിന്റെ എക്കാലത്തേയും പ്രസക്തി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും സി ഐ ടി യു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് തുടങ്ങിയ നിലയിലും ഉത്തരവാദിത്തം വഹിച്ച എല്ലാരംഗത്തും സഖാവിന്റെ പ്രവര്‍ത്തനങ്ങള്‍ അതുല്യമായിരുന്നു. തൊഴിലാളി വര്‍ഗ മുന്നേറ്റത്തിനായി എക്കാലവും ഉയര്‍ന്ന ആ ശബ്ദം ഇടതുപക്ഷ പ്രസ്ഥാനത്തിന് കരുത്താണ്.
നിലപാടുകളുടെ തെളിമ ഞങ്ങള്‍ക്ക് ആവേശമാണ്. വ്യക്തിപരമായും ആനത്തലവട്ടം അത്രയേറെ അടുത്ത ആത്മബന്ധം പുലര്‍ത്തിയ സഖാവാണ്. ആ സംഘടനാ പ്രവര്‍ത്തന മികവ് അടുത്തറിയുവാനും ഇടപെടലുകളിലെ കൃത്യത മനസ്സിലാക്കുവാനും സാധിച്ചുവെന്നത് വിലമതിക്കാനാവാത്ത അനുഭവമാണെന്ന് എം വി ഗോവിന്ദന് പറഞ്ഞു.