കൊച്ചി: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തായിരുന്നു അന്ത്യം. സിഐടിയു സംസ്ഥാന പ്രസിഡൻറായിരുന്നു. മൂന്ന് തവണ അദ്ദേഹം നിയമസഭാംഗമായിരുന്നു. 1987, 1996, 2006 കാലത്താണ് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് എം എൽ എയായത്. 1979ൽ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറുമായിരുന്നു.
1937 ഏപ്രിൽ 22 ന് തിരുവനന്തപുരം ജില്ലയിലെ വർക്കല ചിലക്കൂരിൽ കേടുവിളാകത്ത് വിളയിൽ വി.കൃഷ്ണൻ്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ൽ ഒരണ കൂടുതൽ കൂലിക്കുവേണ്ടി നടന്ന കയർ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവർത്തനത്തിലെത്തുന്നത്. വർക്കലയിലെ ട്രാവൻകൂർ കയർ വർക്കേഴ്‌സ് യൂണിയൻ്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയിൽവേയിൽ ടിക്കറ്റ് എക്‌സാമിനർ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവർത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു.
ട്രാവൻകൂർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി, 1972 മുതൽ കയർ വർക്കേഴ്‌സ് സെന്റർ ജനറൽ സെക്രട്ടറി തുടങ്ങി നിലകളിൽ പ്രവർത്തിച്ചു. 12 വർഷം കയർഫെഡിൻ്റെ പ്രസിഡന്റായിരുന്നു. കയർ ബോർഡ് വൈസ് ചെയർമാനായും സേവനമനുഷ്‌ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു.
സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലിൽ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാനക്കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ലും കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.