കൊച്ചി: കരുവന്നൂര്‍ കേസില്‍ ഇഡിക്ക് തിരിച്ചടി. കരുവന്നൂര്‍ ബാങ്കില്‍ നിന്നും പിടിച്ചെടുത്ത ആധാരങ്ങള്‍ തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് അധികൃതർ അപേക്ഷ നൽകിയാൽ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങൾ തിരികെ നൽകണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകർപ്പ് എടുത്തശേഷം അസ്സൽ ആധാരം തിരികെ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
അതേസമയം കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിൽ നിക്ഷേപകർക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകർക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നൽകിയെന്നും 50കോടി രൂപ കൂടി നൽകാൻ ഉടൻ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒരാൾക്കും ഒരു രൂപ പോലും നഷ്ടമാവാത്ത രീതിയിൽ കരുവന്നൂർ ബാങ്കിലെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കും. പുനരുദ്ധാരണ നിധി ഉടൻ നിലവിൽ വരും. കേരള ബാങ്കിൻ്റെ പ്രധാനപ്പെട്ട ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ആയി നിയമിക്കുമെന്നും മന്ത്രി വി എൻ വാസവൻ വ്യക്തമാക്കി.