ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിന് സെക്രട്ടറിയറ്റ് പരിസരത്ത് കൈക്കൂലി നൽകിയെന്ന് മാധ്യമങ്ങളുമായി ചേർന്ന് തിരക്കഥയുണ്ടാക്കിയ ഹരിദാസൻ വീണ്ടും മൊഴി മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ആരോപണം കളവാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരുടെ തിരക്കഥയിലെ മാറ്റം. സിസി ടിവി ദൃശ്യങ്ങളിൽ ഹരിദാസനും ബാസിതും മാത്രമാണുള്ളത്. മറ്റാരെയും കാണാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അവിടെ വച്ചല്ല പണം കൈമാറിയതെന്നാണ് ഹരിദാസൻ്റെ വാദം.
ദൃശ്യങ്ങൾ കാണിച്ച് ചോദ്യം ചെയ്തപ്പോൾ, അഖിൽ സജീവിന്റെ നിർദേശപ്രകാരം പ്രസ്ക്ലബ് ഭാഗത്തേക്ക് നടന്നെന്നും എതിരെ വന്ന അഖിൽ മാത്യുവെന്ന് പരിചയപ്പെടുത്തിയ വ്യക്തിക്ക് പണം നൽകിയെന്നുമായി. ഹരിദാസനൊപ്പമെത്തിയ ബാസിത് ഫോണിൽ സംസാരിക്കുന്ന ദൃശ്യങ്ങളുണ്ട്. അഖിൽ സജീവിനോടാണ് സംസാരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. അഖിൽ സജീവ് പറഞ്ഞതനുസരിച്ചാണ് ബാസിത് തന്റെയടുത്തുനിന്ന് മാറിയതെന്നാണ് ഹരിദാസൻ പറയുന്നത്. എക്സിറ്റ് ഗേറ്റിനടുത്തേക്ക് പോകാൻ പറഞ്ഞത് പ്രകാരം താൻ പുറത്തേക്ക് നടന്നെന്നും ഓട്ടോറിക്ഷ സ്റ്റാൻഡിന് സമീപത്തെത്തിയപ്പോൾ എതിരെ വന്നയാൾ അഖിൽ മാത്യുവെന്ന് സ്വയം പരിചയപ്പെടുത്തി പണം വാങ്ങിയെന്നുമാണ് ഹരിദാസൻ പറയുന്നത്. ഇത്തരത്തിലൊരു കൂടിക്കാഴ്ചയുണ്ടായോ എന്ന് കണ്ടെത്താനാണ് സെക്രട്ടറിയറ്റിന് പുറത്തുള്ള കാമറാദൃശ്യങ്ങൾ പരിശോധിക്കുന്നത്.
മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ പ്രതികൾ ചേർന്ന് തയ്യാറാക്കിയ തിരക്കഥയാണോ കൈക്കൂലി ആരോപണമെന്ന സംശയവും ബലപ്പെടുകയാണ്. അഖിൽ സജീവിനും കോഴിക്കോട് സ്വദേശി ലെനിൻ രാജിനും ഹരിദാസൻ ഗൂഗിൾ പേ വഴി 75,000 രൂപ കൈമാറിയിട്ടുണ്ട്. ഇതല്ലാതെ മറ്റ് പണമിടപാടുകൾ നടന്നതായി കാണുന്നില്ല. സെക്രട്ടറിയറ്റിന് സമീപത്ത് പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞ് ഒരു ലക്ഷം രൂപയുമായി വന്നുവെന്നാണ് ഹരിദാസൻ പോലീസിന് നൽകിയ മൊഴി. എന്നാൽ, ഓട്ടോറിക്ഷയിൽ നിന്നിറങ്ങിയ ഹരിദാസൻ്റെ കൈവശം ഒന്നുമില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പണം കൈമാറിയെന്ന് ഇയാൾ പറയുന്ന സമയത്ത് അഖിൽ മാത്യു പത്തനംതിട്ടയിൽ ഒരു വിവാഹ ചടങ്ങിലായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മാധ്യമങ്ങൾ വെട്ടിലായി. ഇതിനു ശേഷമാണ് പുതിയ വാദങ്ങളുമായുള്ള വരവ്.
ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ നടന്ന ഗൂഢാലോചനയുടെ മറ്റൊരു തെളിവായി പ്രൈവറ്റ് സെക്രട്ടറിയുടെ പേരിൽ വ്യാജ ഇ– മെയിൽ അക്കൗണ്ട് സൃഷ്ടിച്ചതായും കണ്ടെത്തി. ആയുഷ്മിഷനിലെ താൽക്കാലിക ഡോക്ടർ നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താനാണ് വ്യാജ ഇ– മെയിൽ വിലാസമുണ്ടാക്കിയത്. നേരത്തെ ദേശീയാരോഗ്യ ദൗത്യത്തിൻ്റെ ലോഗോ ദുരുപയോഗപ്പെടുത്തി നാഷണൽ ആയുഷ് മിഷൻ്റെ വ്യാജ ഇ– മെയിൽ വിലാസം ഉണ്ടാക്കിയത് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ പേരുപയോഗിച്ച് sajeevanps@gmail.com എന്ന വ്യാജ ഇ– മെയിലുണ്ടാക്കിയത്. മന്ത്രിയുടെ ഓഫീസിനെ അഴിമതി ആരോപണത്തിലേക്ക് വലിച്ചിടാൻ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശരിവയ്ക്കുന്നതാണ് വ്യാജമെയിൽ.
ഇ– മെയിൽ വഴിയാണ് അപേക്ഷകയ്ക്ക് ‘നിയമന ഉത്തരവ്’ കൈമാറിയത്. നിയമന ഉത്തരവ് വന്നത് വ്യാജ ഇ– മെയിൽ വഴിയാണെന്ന് നേരത്തെ വ്യക്തമായിരുന്നു. പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലുണ്ടാക്കിയ ഇ– മെയിൽ വഴി ആശയവിനിമയങ്ങൾ നടന്നിട്ടുണ്ടോയെന്നും പ്രതികൾ പ്രൈവറ്റ് സെക്രട്ടറിയുടെ പേര് ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോയെന്നതും പോലീസ് പരിശോധിക്കുകയാണ്.