തിരുവനന്തപുരം: ലോക ഹൃദയ ദിനത്തിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പ് ‘ഹൃദയസ്പർശം’ കാക്കാം ഹൃദയാരോഗ്യം എന്നപേരിൽ സംസ്ഥാനതല കാമ്പയിൻ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗം കണ്ടുപിടിക്കുക, ചികിത്സയ്ക്കുക, പ്രതിരോധിക്കുക, സിപിആർ ഉൾപ്പെടെയുള്ള പ്രഥമ ശുശ്രൂക്ഷാ പരിശീലനം തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇസിജി, ട്രോപ് ടി തുടങ്ങിയ സൗജന്യ പരിശോധനൾ കാമ്പയിൻ്റെ ഭാഗമായി ലഭ്യമാക്കും. ഓട്ടോ ഡ്രൈവർമാർ, ടാക്സി ഡ്രൈവർമാർ, മറ്റു വോളണ്ടിയർമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. മെഡിക്കൽ കോളേജുകളുടെയും ഹാർട്ട് ഫൗണ്ടേഷൻ്റെയും സഹായത്തോടെയാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനതല ഉദ്ഘാടനം നാളെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മന്ത്രി വീണാ ജോർജ് നിർവഹിക്കും.
ആഗോള തലത്തിൽ സെപ്റ്റംബർ 29 ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ലോക ഹാർട്ട് ഫെഡറേഷൻ സെപ്റ്റംബർ 29 ലോകാരോഗ്യ ദിനമായി ആചരിക്കുന്നത്. ലോകത്തിൽ ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണ് എന്നതാണ് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. 30 വയസിനും 70 വയസിനും ഇടയിലുള്ള മരണങ്ങളിൽ 32 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങൾ കൊണ്ടാണെന്നാണ് കണക്കാക്കുന്നത്.
ഹൃദയംകൊണ്ട് ഹൃദയത്തെ അറിയൂ (Use Heart, Know Heart) എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യദിന സന്ദേശം. നമ്മൾ ഓരോരുത്തരും നമ്മുടെ ഹൃദയത്തെക്കുറിച്ച് അറിയുകയും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മുൻകരുതലുകളെടുക്കുകയും അതിനുവേണ്ടിയുള്ള പരിശോധനകളും ചികിത്സയും നടത്തുക എന്നുള്ള ഒരു സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രാഥമികതലത്തിൽ തന്നെ ഹൃദ്രോഗത്തിലേക്ക് നയിക്കുന്ന പ്രാഥമിക രോഗങ്ങളായ പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയവയെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ആരോഗ്യ വകുപ്പ് ബൃഹത് പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ആർദ്രം ജീവിതശൈലീ സ്ക്രീനിംഗിന്റെ ഭാഗമായി 30 വയസിന് മുകളിലുള്ളവരിലുള്ള 1.48 കോടിയോളം പേരെ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി സ്ക്രീനിംഗ് നടത്തി. ഇവരിൽ ഹൃദ്രോഗം ഉൾപ്പെടെയുള്ള ഗുരുതര രോഗങ്ങൾ വരാൻ സാധ്യതയുള്ള ആൾക്കാരെ കണ്ടെത്തി വിദഗ്ധ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദ്രോഗം വരാതെ നോക്കുന്നതിനും നേരത്തെ കണ്ടെത്തുന്നതിനും നമുക്ക് സാധിക്കും.
പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 13 ജില്ലകളിലും കാത്ത് ലാബുകൾ സജ്ജമാക്കി വരുന്നു. അതിൽ 11 എണ്ണവും പ്രവർത്തനസജ്ജമാക്കി. കൂടാതെ ഇടുക്കിയിൽ കാത്ത് ലാബ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 12 ജില്ലാ ആശുപത്രികളിൽ കൊറോണറി കെയർ ഐസിയു സജ്ജമാക്കി. ഹൃദ്രോഗം നേരത്തെ കണ്ടെത്തുന്നതിന് ആവശ്യമായ പരിശോധനാ സൗകര്യങ്ങൾ ഒട്ടുമിക്ക ആശുപത്രികളിലും സജ്ജമാക്കിയിട്ടുണ്ട്. ട്രോപ്പ് ടി അനലൈസർ എന്ന ഉപകരണത്തിലൂടെ ഹൃദയഘാതം നേരത്തെ കണ്ടെത്തുന്നതിനുള്ള സംവിധാനം താലൂക്ക്തല ആശുപത്രികളിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമേ ഈ വർഷം സ്റ്റെമി (STEMI – ST-elevation myocardial infarction) ഹബ്ബ് ആന്റ് സ്പോക്ക് മാതൃകയിലുള്ള ഹൃദ്രോഗ ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതിയും ആവിഷ്ക്കരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.