തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് രാഷ്ട്രീയ ലക്ഷ്യത്തോടെ ഇ ഡി രംഗപ്രവേശം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യത്തോടെ ഇഡി എത്തുന്നതിനു മുമ്പുതന്നെ ക്രൈംബ്രാഞ്ച് കാര്യക്ഷമമായി അന്വേഷണം നടത്തിയിരുന്നു വലിയ പാത്രത്തിലെ ചോറിൽ നിന്ന് ഒരു കറുത്ത വറ്റ് തെരഞ്ഞുകണ്ടുപിടിച്ച്, ആ ചോറാകെ മോശമാണെന്ന് പറയുന്നതുപോലെയാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനെതിരെ കുപ്രചാരണം നടക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
കരുവന്നൂരിൽ പോലീസും ക്രൈംബ്രാഞ്ചും ക്രിയാത്മകമായ അന്വേഷണമാണ് നടത്തിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിൽ 14.7.2021ന് കരുവന്നൂർ സഹകരണ സംഘം സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈം നമ്പർ 650/2021 ആയി കേസ് രജിസ്റ്റർ ചെയ്തു. കുറ്റകൃത്യത്തിൻറെ ഗൗരവം പരിഗണിച്ച് 2021 ജൂലൈ 21ന് സംസ്ഥാന പോലീസ് മേധാവി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തൊട്ടടുത്ത ദിവസം ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. അതിൻറെ അടുത്ത ദിവസം രണ്ട് ഡിവൈഎസ്പിമാരെയും നാല് ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരെയും ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു. തുടർന്ന് തൃശൂർ ക്രൈംബ്രാഞ്ച് യൂണിറ്റ് ക്രൈം നമ്പർ 165/2021 ആയി കേസ് അന്വേഷണം ആരംഭിച്ചു. സംഘത്തിൻറെ മുൻ സെക്രട്ടറിയടക്കം 26 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കരുവന്നൂർ സഹകരണ സംഘത്തിലെ മുൻ സെക്രട്ടറി ഒന്നാം പ്രതിയായും മാനേജർ രണ്ടാം പ്രതിയായും സീനിയർ അക്കൗണ്ടൻറ് മൂന്നാം പ്രതിയായും എ ക്ലാസ്സ് മെമ്പർ നാലാം പ്രതിയായും റബ്കോ കമ്മീഷൻ ഏജൻറ് അഞ്ചാം പ്രതിയായും സംഘത്തിൻറെ മുൻ പ്രസിഡൻറും ഡയറക്ടർബോർഡ് അംഗങ്ങളും മറ്റ് പ്രതികളായും ആണ് കേസ് രജിസ്റ്റർ ചെയ്തത്.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 406, 408, 409, 417, 418, 420, 423, 465, 468, 477 (എ), 201, 120 (ബി), എന്നീ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും കുറ്റം ചുമത്തി. 2011 മുതൽ 2021 വരെ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിൻറെ അടിസ്ഥാനത്തിൽ 18 എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2011-20 കാലഘട്ടത്തിലെ വിവിധ രേഖകൾ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ എടുത്ത് കോടതിയിൽ ഹാജരാക്കി. 745 സാക്ഷികളിൽ നിന്ന് വിവരം ശേഖരിക്കുകയും 412 രേഖകൾ പിടിച്ചെടുത്ത് അന്വേഷണം നടത്തുകയും ചെയ്തു. പ്രതികളുടെ സ്വത്തുവകകൾ അറ്റാച്ച് ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഇ ഡി രംഗപ്രവേശനം ചെയ്യുകയും ഫയലുകളും രേഖകളും പിടിച്ചെടുക്കുകയും ചെയ്തത്.
ഇതിനു പുറമെ കരുവന്നൂരിൽ സഹകരണ വകുപ്പും അന്വേഷണം നടത്തി. ജോയിൻറ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 2022 ജൂലൈ 22ന് ഭരണ സമിതി പിരിച്ച് വിടുകയും അഡ്മിനിസ്ട്രേറ്റ് കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ക്രമക്കേടിൻറെ ഭാഗമായി സംഘത്തിന് വന്നിട്ടുള്ള നഷ്ടം ഈടാക്കുന്നതിനും അന്വേഷണത്തിന് ഉത്തരവിട്ടു. ഈ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ നഷ്ടത്തിൻറെ ഉത്തരവാദിത്വം ചുമത്തി തുക ഈടാക്കുന്നതിന് റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചു. ബാധ്യത ചുമത്തപ്പെട്ടവർ ഹൈക്കോടതിയെ സമീപിച്ചതിനാൽ ഇവർ സർക്കാരിൽ നൽകിയ അപ്പീൽ തീർപ്പാകുന്നതുവരെ തുടർ നടപടി നിർത്തിവച്ചിരിക്കുകയാണ്. അവരുടെ അപ്പീലിൽ വാദം പൂർത്തിയായിട്ടുണ്ട്. സംസ്ഥാന സർക്കാരും സഹകരണ വകുപ്പും ബാങ്കിനെ തകർച്ചയിൽ നിന്ന് കരകയറ്റുന്നതിന് പുഃനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കിവരുന്നു. നിക്ഷേപങ്ങൾ തിരികെ നൽകുന്നത് 2022 ഒക്ടോബർ 15 മുതൽ പുനരാരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് സഹകരണ രജിസ്ട്രാറുടെ കീഴിൽ രജിസ്ട്രർ ചെയ്ത 16,255 സഹകരണ സംഘങ്ങളാണ് ഉള്ളത്. ഇവയിലെല്ലാം കൃത്യമായ പരിശോധനകൾ എല്ലാ കാലത്തും നടക്കുന്നുണ്ട്. 98.5 ശതമാനം സംഘങ്ങളും കുറ്റമറ്റ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒന്നര ശതമാനത്തിൽ താഴെ സംഘങ്ങളിലാണ് ചില ക്രമക്കേടുകൾ കണ്ടെത്തിയത്. ഇതിനർത്ഥം കേരളത്തിൻറെ സഹകരണ മേഖല മികച്ച രീതിയിൽ തന്നെയാണ് പ്രവർത്തിക്കുന്നതെന്നാണ്. കേരളത്തിലെ സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിൻറെ ഭാഗമാണ് സഹകരണ പ്രസ്ഥാനം.
കേരളത്തിൻറെ സഹകരണ മേഖലയെ തകർക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടപെടലുകൾ നേരത്തെ ആരംഭിച്ചതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയാകെ കുഴപ്പത്തിലാണെന്ന പ്രതീതി സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേരളത്തിൻറെ സമ്പദ് ഘടനയുടെ നട്ടെല്ലാണ് സഹകരണമേഖല. കരുവന്നൂർ ബാങ്കിന് എതിരെയുള്ള ആരോപണം സർക്കാർ ഗൗരവത്തോടെയാണ് കണ്ടത്. അതിൻറെ അടിസ്ഥാനത്തിലാണ് അന്വേഷണങ്ങൾ നടന്നത്. ഇ ഡിയോ സിബിഐ യോ ഒന്നുമല്ല ഇക്കാര്യങ്ങൾ കണ്ടെത്തിയതെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ക്രമക്കേടുകൾ തടയുന്നതിനായി 50 വർഷം മുമ്പുള്ള നിയമം പരിഷ്കരിച്ചതും ഓഡിറ്റിംഗ് ഏർപ്പെടുത്തിയതും എൽഡിഎഫ് സർക്കാരാണ്. എന്നാൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടലിനാണ് ഈ ഏജൻസികൾ ഇപ്പോൾ ശ്രമിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് ഇഡി നടത്തുന്നത് എന്ന് സ്വഭാവികമായും സംശയിക്കണം. മറ്റ് പല സംസ്ഥാനങ്ങളിലും നടക്കുന്ന ബാങ്കിംഗ് ക്രമക്കേടുകളെക്കുറിച്ചോ തട്ടിപ്പുകളെക്കുറിച്ചോ നിസ്സംഗത പാലിക്കുന്ന ഏജൻസികൾ കരുവന്നൂരിൽ കാണിക്കുന്ന ഉൽസാഹത്തിൻറെ പിന്നിലെന്താണെന്ന് ആർക്കും മനസിലാകുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.