പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നൽകിയെന്ന വധം തെറ്റെന്ന് തെളിയുന്ന ദൃശ്യങ്ങൾ പുറത്ത്. ഏപിൽ 10ന് മന്ത്രിയുടെ പി എ അഖിൽ മാത്യുവിന് പണം നൽകി എന്നതായിരുന്നു പരാതിക്കാരനായ ഹരിദാസൻ്റെ വാദം. എന്നാൽ ഏപ്രിൽ 10 ന് അഖിൽ മാത്യു തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല. അന്നേദിവസം അഖിൽ മാത്യു പത്തനംതിട്ട മൈലപ്രയിൽ വിവാഹത്തിൽ പങ്കെടുക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
പത്തനംതിട്ട ഇലന്തൂർ ഇഎംഎസ് സഹകരണ ആശുപത്രി സെക്രട്ടറി അലൻ മാത്യു തോമസിൻ്റെയും ഹൈക്കോടതി അഭിഭാഷക ക്രിസ്റ്റീന പി ജോർജിൻ്റെയും വിവാഹ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അഖിൽ മാത്യു.
അതേസമയം പേഴ്സണൽ സ്റ്റാഫംഗത്തിൻ്റെ പേരിൽ ആൾമാറാട്ടം നടത്തി ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. തൻ്റെ പേര് മനപ്പൂർവം വലിച്ചിഴച്ചതാണെന്ന് അഖിൽ മാത്യു പറഞ്ഞു. ഇതോടെ പ്രൈവറ്റ് സെക്രട്ടറി 23ന് ഡിജിപിക്ക് പരാതി നൽകി. അഖിൽ മാത്യു കന്റോൺമെന്റ് പോലീസിലും പരാതി നൽകി. ആൾമാറാട്ടം നടന്നതായി ബുധനാഴ്ച കന്റോൺമെന്റ് പോലീസ് സ്റ്റേഷനിലെത്തി അഖിൽ മൊഴി നൽകി.