തിരുവനന്തപുരം: എനർജി മാനേജ്മെൻറ് സെൻററിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാർക്കാണ് 11-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കുന്നത്.
മന്ത്രിസഭായോഗ തീരുമാനങ്ങൾ
മാലിന്യമുക്ത പ്രതിജ്ഞ
കേരളത്തെ മാലിന്യ മുക്തമാക്കുന്നതിന് ആരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിൻറെ ഭാഗമായി എല്ലാ ഔദ്യോഗിക പരിപാടികളും ആരംഭിക്കുന്നത് മാലിന്യ മുക്ത നവകേരളത്തിനായുള്ള പ്രതിജ്ഞ കൂടി ചൊല്ലിക്കൊണ്ടായിരിക്കും.
“മാലിന്യങ്ങളും പാഴ് വസ്തുക്കളും അലക്ഷ്യമായി വലിച്ചെറിഞ്ഞ് നാടും നഗരവും ജലാശയങ്ങളും വൃത്തിഹീനമാക്കുന്നത് എൻറെ നാടിനോട് ചെയ്യുന്ന കുറ്റകൃത്യമാണെന്ന് ഞാൻ തിരിച്ചറിയുന്നു.
സംസ്‌കാരശൂന്യവും നിയമവിരുദ്ധവുമായ അത്തരം പ്രവൃത്തികളിൽ ഞാൻ ഒരിക്കലും ഏർപ്പെടുകയില്ല. അതിൻറെ പ്രത്യാഘാതങ്ങളെക്കുറിച്ച് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. അതിനാൽ ചെറുതോ വലുതോ ആയ ഒരു പാഴ് വസ്തുവും ഞാൻ വലിച്ചെറിയില്ല. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളൊന്നും ഉപയോഗിക്കുകയുമില്ല.
ശുചിത്വത്തിനായി കൈക്കൊള്ളുന്ന എല്ലാ നടപടികളോടും ഞാൻ പൂർണ്ണമായും സഹകരിക്കും. മാലിന്യ മുക്ത നവകേരളത്തിനായി നാടിനൊപ്പം ഞാനും ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.”
പിഎസ് സി അംഗങ്ങൾ
പബ്ലിക്ക് സർവ്വീസ് കമ്മീഷനിൽ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ ടി ബാലഭാസ്ക്കരൻ, ഡോ. പ്രിൻസി കുര്യാക്കോസ് എന്നിവരെ പരിഗണിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു. കെ ടി ബാലഭാസ്ക്കരൻ ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ്. എറണാകുളം പെരുമ്പാവൂർ സ്വദേശിനിയാണ് പ്രിൻസി കുര്യാക്കോസ്.
നിയമനം
കേരള സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മനേജരായ കെ സി സഹദേവനെ ബാങ്കിലെ എക്സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് നിയമിക്കും.
സാധൂകരിച്ചു
വ്യവസായ വകുപ്പിന് കീഴിലുള്ള 35 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021-22 വർഷത്തെ ബോണസ്/ എക്സ് ഗ്രേഷ്യ / പെർഫോർമെൻസ് ലിങ്ക്ഡ് ഇൻസൻറീവ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.