ഉമ്മൻചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി’ യുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോൺഗ്രസിനെ ഉലയ്ക്കുകയാണ്. പാർടിയുടെ അനിഷേധ്യ നേതാവിൻ്റെ ആത്മകഥ ഏറ്റവും പ്രഹരമേൽപ്പിച്ചുകൊണ്ടിരിക്കുന്നത് കോൺഗ്രസിനെ തന്നെ. ഭൂരിപക്ഷം ചെന്നിത്തലയ്ക്കായിട്ടും പിന്നിൽ നിന്നു കുത്തി വി ഡി സതീശൻ പ്രതിപക്ഷ നേതാവായതും ഒന്നാന്തരം അവസരം കിട്ടിയിട്ടും പിണറായി വിജയനും സിപിഎമ്മും തന്നെ ഉപദ്രവിക്കാതിരുന്നതും സോളാർ കേസ് ആയുധമാക്കി മുഖ്യമന്ത്രി പദത്തിൽ നിന്നു താഴെയിറക്കാൻ കോൺഗ്രസ് നേതാക്കൾ നടത്തിയ ഗൂഢാലോചനയും ഉമ്മൻ ചാണ്ടി തന്നെ തുറന്നു കാട്ടുകയാണ്.
“കാലം സാക്ഷി ” ഗ്രന്ഥകർത്താവ് സണ്ണിക്കുട്ടി എബ്രഹാമുമായി ദേശാഭിമാനി തിരുവനന്തപുരം ബ്യൂറോ ചീഫ് ദിനേശ് വർമ നടത്തിയ അഭിമുഖത്തിൽ നിന്ന് :
ഇങ്ങനെയൊരു പുസ്തകത്തോട് ഉമ്മൻചാണ്ടി താൽപ്പര്യപ്പെട്ടിരുന്നോ ?
നിർബന്ധത്തിന് വഴങ്ങി പലപ്പോഴായി ഓരോ കാര്യങ്ങൾ പറയുകയായിരുന്നു. മൂന്നുവർഷമെടുത്താണ് പുസ്തകത്തിനായി വ്യക്തി–രാഷ്‌ട്രീയ ജീവിതം വിവരിച്ചത്. എന്തായിരിക്കണം ഈ പുസ്തകമെന്ന് കൃത്യമായ ധാരണ ഉമ്മൻചാണ്ടിക്കുണ്ടായിരുന്നു.
പഴയ കാര്യങ്ങളാണല്ലോ, പുനഃപരിശോധന വേണ്ടിവന്നോ ?
അദ്ദേഹത്തിന് ‘ക്രിസ്റ്റൽ ക്ലിയർ’ ഓർമയാണ്. സ്കൂളിലെ അധ്യാപകരുടെ പേരുവരെ പറഞ്ഞു. അവസാനകാലത്ത് ചില സംശയങ്ങളുണ്ടായി. ഞാനും ഇതുസംബന്ധിച്ച് ഗവേഷണം നടത്തി. ‘ഇന്ന കാര്യം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തണം ’ എന്ന് ഓർമിപ്പിക്കും. ഉമ്മൻചാണ്ടി പറഞ്ഞതു മാത്രമേ പുസ്തകത്തിലുള്ളൂ, കൊടുക്കേണ്ട എന്നു പറഞ്ഞത് ചേർത്തിട്ടുമില്ല.
വേണ്ടെന്ന് പറഞ്ഞവ ഏത് വിഷയങ്ങളായിരുന്നു ?
പാർടിയിലെ നേതൃമാറ്റചരിത്രമടക്കം എല്ലാം കൃത്യമായി പറഞ്ഞു. പക്ഷേ, ഒരാളെയും വേദനിപ്പിക്കരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പുസ്തകം തയ്യാറായശേഷം പിന്നെയും ചിലകാര്യങ്ങൾ നീക്കണമെന്ന് പറഞ്ഞു; ചിലരെ വേദനിപ്പിക്കുമെന്ന് തോന്നിയതിനാൽ സോളാർ കമീഷന്റെ ചില ചോദ്യങ്ങൾ, കുടുംബത്തിന്റെ രാഷ്‌ട്രീയ പാരമ്പര്യം തെളിയിക്കുന്ന ചില ചരിത്രവസ്തുതകൾ അങ്ങനെ ചിലത്.
എതിർ രാഷ്‌ട്രീയപക്ഷത്തിന്റെ ആരോപണങ്ങൾ സ്വാഭാവികമാണ്, പക്ഷേ, കൂടെയുള്ളവരുടെ കുത്തിനെക്കുറിച്ച് പറഞ്ഞിരുന്നോ ?
1980 മുതൽ ഞാൻ കോൺഗ്രസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പലരും തെറ്റിദ്ധരിച്ചിട്ടുള്ള നേതാവാണ് ഉമ്മൻചാണ്ടിയെന്നാണ് തോന്നിയിട്ടുള്ളത്. കൂടെ നിന്നവർ വേദനിപ്പിച്ച എത്രയോ സംഭവങ്ങൾ. ആരൊക്കെ, എന്തൊക്കെ ചെയ്തെന്ന് എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊന്നും ഉൾപ്പെടുത്താൻ സമ്മതിച്ചില്ല. ഞാനത് കുറിച്ചു വച്ചിട്ടുണ്ട്. പറഞ്ഞതിന്റെ നാലിലൊന്ന് പുസ്തകത്തിലില്ല. ഒരു കാര്യം ശരിയാണ്, ‘ താൻ പറ്റിക്കപ്പെട്ടു’ വെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. കൂടെയുള്ള ആരൊക്കെയോ ചേർന്ന് പറ്റിച്ചുവെന്ന്.
എതിർഗ്രൂപ്പുകാരനായതിനാൽ ചെന്നിത്തലയോട് അകൽച്ചയുണ്ടായിരുന്നില്ലേ ?
അകൽച്ചയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, പലകാര്യങ്ങളിലും യോജിച്ചിരുന്നു. നിയമസഭയിൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ പ്രകടനം നല്ലതായിരുന്നുവെന്നാണ് പറഞ്ഞത്, തോറ്റതിന്റെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റേണ്ട, രമേശ് തുടരട്ടെയെന്നും. പാർടി നേതാക്കൾക്കിടയിലും എംഎൽഎമാർക്കിടയിലും മറിച്ചൊരു അഭിപ്രായമുണ്ടോയെന്ന് അദ്ദേഹം അന്വേഷിച്ചിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്‌ണനും പി ടി തോമസും ചെന്നിത്തലയെ പിന്തുണച്ചില്ല. കെ സി വേണുഗോപാലിന്റെ കേശവദാസപുരത്തെ വീട്ടിൽ പോയി സംസാരിച്ചു. ഹൈക്കമാൻഡ് ഒരഭിപ്രായവും പറഞ്ഞിട്ടില്ല എന്നാണ് പറഞ്ഞത്. ഹൈക്കമാൻഡ് പ്രതിനിധി മല്ലികാർജുൻ ഖാർഗെയോട് സംസാരിച്ചു. ഭൂരിപക്ഷം എംഎൽഎമാരും ചെന്നിത്തലയോടൊപ്പമായിരുന്നുവെന്നത് സത്യമാണ്. ഹൈക്കമാൻഡ് തീരുമാനം വന്നപ്പോൾ മാറിമറിഞ്ഞു. എതിർപ്പില്ലെന്ന് നേരിൽപ്പറഞ്ഞിട്ട്, ചിലർ മറിച്ച് തീരുമാനമെടുത്തത് അദ്ദേഹത്തെ വേദനിപ്പിച്ചു.
വി ഡി സതീശന് നീരസമുണ്ടായ 2011ലെ മന്ത്രിസഭാ രൂപീകരണ കാര്യങ്ങളോ ?
സതീശൻ മന്ത്രിയാകാത്തതിനു കാരണം യഥാർഥത്തിൽ സി എൻ ബാലകൃഷ്ണനെ പരിഗണിച്ചതുകൊണ്ടാണ്. അത് പുസ്തകത്തിലുണ്ട്. സി എന്നിനെ ഒഴിവാക്കാൻ വിജിലൻസ് കേസുണ്ട് എന്ന കാര്യവും ചിലർ ധരിപ്പിച്ചെങ്കിലും ഉമ്മൻചാണ്ടി അത് കാര്യമാക്കിയില്ല. കൂടെ നിൽക്കുന്ന സതീശനെ മന്ത്രിയാക്കണമെന്ന വാദക്കാരനായിരുന്നു ചെന്നിത്തല. പക്ഷേ, സാഹചര്യം മനസ്സിലാക്കി വഴങ്ങേണ്ടിവന്നു. പി ജെ കുര്യന്റെ വീട്ടിലിരുന്നാണ് പട്ടിക തയ്യാറാക്കിയത്. ഈ വസ്തുതകളൊന്നും സതീശനും മനസ്സിലാക്കിക്കാണില്ല. ഉമ്മൻചാണ്ടി ഒരു കാര്യവും ആരോടും പറയാറില്ലല്ലോ.
പിണറായി വിജയനെക്കുറിച്ചും രണ്ടിടത്ത് പറയുന്നുണ്ട്?
മൂത്ത മകളുമായി ബന്ധപ്പെട്ട ഒരു വിഷയമാണല്ലോ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. പുസ്തകത്തിൽ ഒരു സൂചന കൊടുത്തുവെന്നുമാത്രം. വലിയൊരു സ്ഥാപനമുള്ള കുടുംബത്തിൽ നിന്നായിരുന്നു മകളുടെ ഭർത്താവ്. ഡൈവോഴ്‌സ് കേസിന്റെ ബലത്തിനുവേണ്ടി അവർ ചില കാര്യങ്ങളൊക്കെ ചെയ്തു. അന്ന് പാർടി സെക്രട്ടറിയായിരുന്ന പിണറായി വിജയനെ അവർ പോയിക്കണ്ടു. ദേശാഭിമാനിയിൽ വാർത്ത കൊടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക്. ചാനലിൽ വാർത്ത സ്‌ക്രോൾ ചെയ്യാൻ തുടങ്ങിയിരുന്നുവെങ്കിലും പിണറായി അത് നിർത്തിച്ചു, പത്രത്തിൽ വാർത്ത കൊടുത്തില്ല. അതിനുശേഷമാണ് ആ കേസ് ഉപയോഗിക്കാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശം പി ജയരാജൻ വഴി എത്തിച്ചത്.
കരുണാകരനെ പിന്നിൽനിന്ന് കുത്തിയതടക്കമുള്ള കാര്യങ്ങളിൽ പശ്ചാത്താപം ഉള്ളതായി പറഞ്ഞിട്ടുണ്ടോ ?
ഇല്ല. കരുണാകരന്റെ പ്രതാപകാലത്താണല്ലോ 1992ൽ കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ എ കെ ആന്റണിയെ തോൽപ്പിച്ച് ഐ ക്കാരനായ വയലാർ രവി വിജയിച്ചത്. തോറ്റ വിഭാഗത്തിലുള്ളവരെ പൂർണമായി മാറ്റിനിർത്തുന്ന ശീലം കോൺഗ്രസിലുണ്ടായിരുന്നില്ല. പക്ഷേ, അന്ന് പൂർണമായി അവഗണിച്ചു. വൈസ് പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് തുടങ്ങി ഒരു സ്ഥാനത്തും പരിഗണിച്ചില്ല. ജയിച്ചുവന്ന ചില ഡിസിസി അധ്യക്ഷന്മാരെ സാങ്കേതികത്വം പറഞ്ഞ് ഒഴിവാക്കി. എ ഗ്രൂപ്പിനെത്തന്നെ നാമാവശേഷമാക്കാനുള്ള നീക്കമാണ് കരുണാകരന്റേതെന്ന് അവർക്ക് മനസ്സിലായി. അപ്പോൾമുതലാണ് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പ്രതിരോധിക്കാൻ തുടങ്ങിയത്. പിന്നിൽ നിന്നല്ല മുന്നിൽ നിന്നുതന്നെയാണ് താൻ കരുണാകരനോട് ഫൈറ്റ് ചെയ്‌തതെന്ന് ഉമ്മൻചാണ്ടി തുറന്നു പറഞ്ഞിട്ടുണ്ട്. പുതുതലമുറയിലെ നേതാക്കളിൽ ഉമ്മൻചാണ്ടിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഗ്രൂപ്പുകൾക്കതീതമായി കോൺഗ്രസിന്റെ ഉയർച്ച സ്വപ്നം കണ്ടിരുന്നു, സംഭവിച്ചത് മറിച്ചാണെങ്കിലും.